ബി.ജെ.പി വനിത നേതാവിനെ ജഡ്ജിയാക്കാനുള്ള ശിപാർശ പിൻവലിക്കണമെന്ന് മദ്രാസ് ഹൈകോടതി അഭിഭാഷകർ
text_fieldsചെന്നൈ: ബി.ജെ.പി വനിത നേതാവിനെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ രാഷ്ട്രപതി ദ്രൗപതി മുർമുവിനും സുപ്രീംകോടതി കൊളീജിയത്തിനും നിവേദനം നൽകി.
ബി.ജെ.പി മഹിള മോർച്ച ദേശീയ ജനറൽ സെക്രട്ടറിയും അഭിഭാഷകയുമായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈകോടതി ജഡ്ജിയാക്കാൻ ജനുവരി 17ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിരുന്നു.
ഇതോടെ വിക്ടോറിയ ഗൗരിയുടെ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ സാഹചര്യത്തിലാണ് മദ്രാസ് ഹൈകോടതി ബാർ അംഗങ്ങളും അഭിഭാഷകരുമായ എൻ.ജി.ആർ. പ്രസാദ്, ആർ. വൈഗൈ, എസ്.എസ്. വാസുദേവൻ, അന്ന മാത്യു തുടങ്ങിയ 22 പേർ കൊളീജിയം ശിപാർശയിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
‘ഭാരത് മാർഗ്’ എന്ന യൂട്യൂബ് ചാനലിൽ വിക്ടോറിയ ഗൗരി നൽകിയ രണ്ട് അഭിമുഖങ്ങളും അഭിഭാഷകർ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ജഡ്ജിയായാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ വ്യവഹാരത്തിൽ കോടതിയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോയെന്ന് കത്തിൽ ചോദിക്കുന്നു.
ആർ.എസ്.എസ് പ്രസിദ്ധീകരണമായ ‘ഓർഗനൈസറി’ൽ 2012 ഒക്ടോബർ ഒന്നിന് ഗൗരി എഴുതിയ ലേഖനത്തിൽക്രിസ്ത്യാനികളുടെ നിർബന്ധിത മതപരിവർത്തനവും വർഗീയ സംഘർഷങ്ങളും തടയാൻ നടപടിയില്ലെന്നും അര നൂറ്റാണ്ടായി പാർശ്വവത്കരിക്കപ്പെട്ട ഹിന്ദുക്കൾ ശക്തമായ ക്രിസ്ത്യൻ രൂപതയുമായി പോരാടുകയാണെന്നും പറയുന്നു.
വിക്ടോറിയ ഗൗരിയുടെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്നും അവരുടെ വിവിധ അഭിമുഖങ്ങളിലെ മുസ്ലീംകൾക്കും ക്രിസ്ത്യാനികൾക്കും എതിരായ പ്രസ്താവനകൾ മതവിദ്വേഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അതിനാൽ ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ അവർ അയോഗ്യയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.