അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു
text_fieldsകമ്പം (തമിഴ്നാട്): ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ ഒറ്റയാൻ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി. എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹരജിയിലാണ് ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി നാളെ രാവിലെ പത്തരക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിർദേശം.
മയക്കുവെടി വെച്ച് അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് മാറ്റാൻ അരമണിക്കൂര്‍ മാത്രം ശേഷിക്കെയാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ആനയെ രാത്രി കസ്റ്റഡിയിൽ വെക്കാനാവില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ആനയെ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്.
അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടാനിരിക്കെയാണ് കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിലെ കൃഷിത്തോട്ടത്തിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. ഇടുക്കിയിൽനിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വെച്ചത്.
കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. ഏതാനും ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരുന്ന ആന ഇന്ന് പുലർച്ചെയോടെയാണ് വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിച്ചിരുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.
ഏപ്രിൽ 29നാണ് ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, ആന തമിഴ്നാട്ടിലെ കമ്പം ജനവാസ മേഖലയിലിറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്ക് യാത്രികനായ പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലെത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.