വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ കുറ്റകരമായ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മധുര ബെഞ്ചിന്‍റേതാണ് വിധി. 'കാരൂര്‍ ലോയേഴ്‌സ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍. രാജേന്ദ്രന്‍റെ ഹരജിയിലാണ് കോടതി വിധി.
തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പച്ചൈയപ്പന്‍ എന്നയാള്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഇതേ ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകനാണ് ഹരജി നല്‍കിയത്. തുടര്‍ന്ന് പച്ചൈയപ്പനും ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനുമെതിരെ കാരൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഗ്രൂപ്പിന്‍റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന സ്ഥാനം മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നതെങ്കില്‍, മെസേജ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ അദ്ദേഹത്തിന് പങ്കില്ലെങ്കില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. അതേസമയം രാജേന്ദ്രനെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിക്കുകയാണെങ്കില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
2020 ആഗസ്റ്റിലാണ് പച്ചൈയപ്പനും രാജേന്ദ്രനുമെതിരെ പൊലീസ് കേസെടുത്തത്. മെസേജ് അയച്ചതിനെ തുടര്‍ന്ന് പച്ചൈയപ്പനെ ആദ്യം ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. പച്ചൈയപ്പനും രാജേന്ദ്രനും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗ്രൂപ്പ് അഡ്മിന് അംഗം പോസ്റ്റ് ചെയ്ത മെസേജ് സംബന്ധിച്ച് നേരത്തെ അറിവില്ലെങ്കില്‍, പോസ്റ്റിന് സമ്മതം നല്‍കുന്ന ഇടപെടല്‍ അഡ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കില്‍ അഡ്മിന്‍ കുറ്റക്കാരനല്ല എന്നാണ് കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.