വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈകോടതി തള്ളി. കുപ്രസിദ്ധമായ വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി ഉത്തരവിട്ടത്. പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി. വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്.
എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ സെഷൻസ് കോടതിക്ക് ജഡ്ജ് നിർദേശം നൽകി. ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ജോലിയും നൽകണമെന്നും മരണപ്പെട്ട മൂന്ന് സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽനിന്ന് ഈടാക്കണം. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങൾക്കും വാചാതി പ്രദേശത്തെ ഗോത്രവർഗക്കാരുടെ ജീവിത നിലവാരം ഉയർത്താനും നടപടി വേണമെന്നും കോടതി നിർദേശിച്ചു.
1992 ജൂൺ 20നാണ് ധർമപുരി ജില്ലയിലുൾപ്പെട്ട വാചാതി ഗ്രാമത്തിൽ 18 യുവതികൾ ബലാത്സംഗത്തിനിരയായത്. പ്രദേശത്തെ നൂറോളം പേർ ക്രൂരമായ മർദനത്തിനും ഇരയായി. വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്ന് പറഞ്ഞാണ് അന്വേഷണസംഘം അന്ന് ഗ്രാമം വളഞ്ഞത്. റെയ്ഡിനെന്ന് പറഞ്ഞെത്തിയ ഉദ്യോഗസഥർ 18 സ്ത്രീകളെ ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. എന്നാൽ, കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. 1995ൽ സി.പി.എം നൽകിയ ഹരജി മദ്രാസ് ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിരുന്നു.
നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേരും പൊലീസിലെ 84ഉം റവന്യൂ വകുപ്പിലെ അഞ്ചും ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. 2011 സെപ്റ്റംബറിൽ ധർമപുരി പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കേസിൽ പ്രതിചേർക്കപ്പെട്ട 269 പേർക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഇതിൽ 54 പേർ മരിച്ചു. വിധി പുറപ്പെടുവിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാർച്ച് നാലിന് ജസ്റ്റിസ് പി. വേൽമുരുകൻ വാചാതി ഗ്രാമം സന്ദർശിച്ച് ഇരകളുമായി സംസാരിച്ചിരുന്നു. വെട്രിമാരാൻ സംവിധാനം ചെയ്ത ‘വിടുതലൈ’ വാചാതി കേസിനെ ആസ്പദമാക്കിയാണ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.