സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്‌സ്ആപ്പ് സന്ദേശം; മുൻ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്‌സ്ആപ്പ് സന്ദേശം പങ്കുവച്ച മുൻ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. എ.ഐ.എ.ഡി.എം.കെ മുൻ എം.എൽ.എ കൂടിയായ ആർ. നടരാജിനെതിരായുള്ള കേസാണ് കോടതി റദ്ദാക്കിയത്. ജൂലൈ 30ന് പുറപ്പെടുവിച്ച ഉത്തരവിൽ നടരാജ് തന്‍റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചതിനാൽ നടപടികൾ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രൻ പറഞ്ഞു.
ഇത്തരമൊരു സന്ദേശം ശരിയാണോ എന്ന് പരിശോധിക്കാതെ പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് നടരാജ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സന്ദേശം അയച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സത്യവാങ്മൂലം പങ്കുവക്കുകയും ചെയ്തു.
നടരാജ് തന്‍റെ പെരുമാറ്റത്തിൽ സത്യസന്ധമായി ഖേദിക്കുന്നുവെങ്കിൽ, സത്യവാങ്മൂലത്തിന്‍റെ പകർപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചാൽ സംസ്ഥാനം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്ന് തമിഴ്‌നാട് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പി. എസ്. രാമൻ കോടതിയെ അറിയിച്ചു. കോടതി ഈ വാദങ്ങൾ രേഖപ്പെടുത്തുകയും അദ്ദേഹത്തിനെതിരായ നടപടികൾ റദ്ദാക്കുകയും ചെയ്തു.
ഭരണകക്ഷിയായ ഡി.എം.കെയെക്കുറിച്ചും മുഖ്യമന്ത്രി സ്റ്റാലിനെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നടരാജിനെതിരെ 2023 നവംബറിലാണ് പൊലീസ് കേസെടുത്തത്. ഡി.എം.കെയുടെ അഭിഭാഷക വിഭാഗത്തിലെ അംഗമായ ഷീലയാണ് പരാതി നൽകിയത്.
ഡി.എം.കെക്ക് ഹിന്ദുവോട്ടുകൾ വേണ്ടെന്ന തരത്തിൽ എം.കെ. സ്റ്റാലിൻ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെക്കുറിച്ച് നടരാജ് 73 അംഗങ്ങൾ അടങ്ങുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതായായി പരാതിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.