മദ്റസ നിയമം: സുപ്രീംകോടതി വിധിയിൽ പരക്കെ ആശ്വാസം
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ മദ്റസ നിയമം ഭരണഘടനാപരമെന്ന് വിധിച്ച്, അലഹബാദ് ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികളും മത സംഘടനകളും രംഗത്തെത്തി. സംസ്ഥാന ഭരണകൂടത്തിന് തിരിച്ചടികൂടിയായ വിധിയിൽ ബി.ജെ.പി രൂക്ഷമായ വിമർശനവും ഏറ്റുവാങ്ങി.
‘‘സ്വാതന്ത്ര്യാനന്തരം തന്നെ സംസ്ഥാനത്ത് മദ്റസകൾ നിയമാനുസൃതം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പി സർക്കാർ അവരുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി തുടർച്ചയായി മദ്റസ സംവിധാനങ്ങൾക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാവകാശങ്ങൾ ഒരു വിഭാഗം ജനങ്ങൾക്ക് അപ്രാപ്യമാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത് ’’-എസ്.പി വക്താവ് ഫഖ്റുൽ ഹസൻ പറഞ്ഞു. ഇസ്ലാമിക പഠനങ്ങൾക്കുപുറമെ, ഇംഗ്ലീഷും ഹിന്ദിയും കമ്പ്യൂട്ടർ സയൻസുമെല്ലാം പഠിപ്പിക്കുന്ന മദ്റസകളെ സംരക്ഷിക്കുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയോടെ സംസ്ഥാന മദ്റസ വിദ്യാഭ്യാസം സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കോടതി വിധി ഉടൻ നടപ്പാക്കണമെന്നും ‘എക്സി’ൽ അവർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയെ ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി സ്വാഗതം ചെയ്തു. വിധിയെ നീതിയുടെ വിജയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സർക്കാറിന് മദ്റസകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും മറ്റുമായി എന്തെങ്കിലൂം നിർദേശങ്ങളുണ്ടെങ്കിൽ അതിന്റെ ആളുകളുമായി സംസാരിക്കുകയാണ് വേണ്ടത്. ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങൾ കൈക്കൊണ്ടാൽ നിയമപരമായിത്തന്നെ നേരിടുമെന്നും ജംഇയ്യതുൽ ഉലമായെ ഹിന്ദ് നിയമകാര്യ വക്താവ് മൗലനാ കഅബ് റഷീദി വ്യക്തമാക്കി.
യു.പിയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ മർക്കസു തഅ്ലീമി ബോർഡ് അഭിപ്രായപ്പെട്ടു.
മതന്യൂനപക്ഷങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുക എന്ന ഭരണഘടനാമൂല്യമാണ് പരമോന്നത നീതിപീഠത്തിന്റെ വിധിന്യായത്തിൽ പ്രതിഫലിക്കുന്നതെന്ന് ബോർഡ് ജനറൽ സെക്രട്ടറി സയ്യിദ് തൻവീർ അഹമ്മദ് പറഞ്ഞു. ഇത്തരം മദ്റസകൾക്ക് സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാനാകുമെന്ന സുപ്രീംകോടതി പരമാർശവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൾ ഇന്ത്യ ശിയ വ്യക്തി നിയമ ബോർഡ് ഉൾപ്പെടെ മറ്റു നിരവധി സംഘടനകളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.