കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നു; മദ്റസ ബോർഡുകൾ പിരിച്ചുവിടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
text_fieldsന്യൂഡൽഹി: മദ്റസകൾക്കും മദ്റസ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തണമെന്ന് ദേശീയ ബാലാവകാശ കമീഷൻ. മദ്റസകളിലെ അധ്യയനരീതി വിദ്യാർഥികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ) വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച കത്തയച്ചു.
മദ്റസകളുടെ പ്രവർത്തനത്തെക്കുറിച്ച് കമീഷൻ പഠിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകൾ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസം അന്യമാക്കുന്ന സാഹചര്യമുണ്ടാക്കി. ഇതോടെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ഉദ്ദേശ്യലക്ഷ്യത്തിനപ്പുറം അധഃസ്ഥിതാവസ്ഥക്കും വിവേചനത്തിനും കാരണമായി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ടോ അംഗീകാരം നൽകിയതുകൊണ്ടോ മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നില്ലെന്നും കത്തില്‍ പറയുന്നു. മദ്റസകൾക്കും മദ്റസ ബോർഡുകൾക്കും നൽകുന്ന സഹായം സംസ്ഥാന സർക്കാർ നിർത്തലാക്കണം. മദ്റസ ബോർഡുകൾ അടച്ചുപൂട്ടണം. മദ്റസകളിൽ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അവരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണം.
മദ്റസകളിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നതടക്കം നിർദേശങ്ങളും രണ്ടുപേജുള്ള കത്തിലുണ്ട്. മദ്റസകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച് ഒമ്പത് വർഷം കൊണ്ട് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന ‘വിശ്വാസ സംരക്ഷകരോ അവകാശങ്ങൾ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടിൽ 71 പേജുള്ള റിപ്പോർട്ടും കമീഷൻ കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ‘ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമം’ റദ്ദാക്കിയ അലഹാബാദ് ഹൈകോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മദ്റസ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനെക്കുറിച്ചായിരുന്നു ആശങ്കയെങ്കിൽ മദ്റസ ബോർഡ് നിയമം റദ്ദാക്കുകയല്ല പരിഹാരമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം ഈ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടരുതെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഹൈകോടതി ചെയ്യേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.
കേരളത്തിന്റെ പ്രതികരണം പച്ചക്കള്ളം - പ്രിയങ്ക് കാനൂൻഗോ
എത്ര മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും എത്ര ഫണ്ട് നൽകുന്നുണ്ടെന്നുമുള്ള ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടിയെന്നും ഇത് പച്ചക്കള്ളമാണെന്നും ദേശീയ ബാലാവകാശ കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ. വിഷയം പഠിച്ച് നിർദേശങ്ങൾ നൽകുകയാണ് കമീഷന്റെ ഉത്തരവാദിത്തം.
അത് നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഇതിന് വിസമ്മതിക്കുന്ന പക്ഷം കോടതിയെ സമീപിക്കാമെന്നും കാനൂൻഗോ ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.