മദ്റസകൾ യഥാർഥ വിദ്യാഭ്യാസം നൽകാൻ അനുയോജ്യമല്ല; ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മദ്റസകൾ കുട്ടികൾക്ക് യഥാർഥ വിദ്യാഭ്യാസം നൽകാൻ അനുയോജ്യമല്ലെന്നും ഇവിടെനിന്ന് പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസം സമഗ്രമല്ലാത്തതിനാൽ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻ.സി.പി.സി.ആർ) സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്ക് ഉച്ചഭക്ഷണവും യൂനിഫോമും ഉൾപ്പെടുന്ന പ്രാഥമിക വിദ്യാഭ്യാസമെന്ന മൗലികാവകാശം ഇല്ലാതാക്കുകയാണ്.
മദ്റസകൾ പാഠ്യപദ്ധതിയിൽ കുറച്ച് എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസം നൽകുകയാണെന്ന് നടിക്കുകയാണ്.
സ്വേച്ഛാപരമായാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമവും ബാലനീതി നിയമവും ലംഘിക്കുകയാണ്. കുട്ടികൾക്ക് ഔപചാരികവും മികവുറ്റതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നില്ലെന്നും കമീഷൻ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ഭരണഘടനക്കും മതേതരത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2004ലെ ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു.
എന്നാൽ, ഈ വിധി ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി സ്റ്റേചെയ്തു. ഇതേതുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രത്തിനും യു.പി സർക്കാറിനും ഉൾപ്പെടെ നോട്ടീസ് അയച്ചിരുന്നു. ഇതിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ മറുപടി നൽകിയത്.
മദ്റസ നിയമത്തിലെ നിർദേശങ്ങൾ പ്രഥമദൃഷ്ട്യാ ഹൈകോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.