മദ്റസ വിദ്യാർഥികൾക്ക് യൂനിഫോം: യോഗി സർക്കാറിനെതിരെ മുസ് ലിം പുരോഹിതർ
text_fieldsലഖ്നോ: മദ്റസ വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്താനുള്ള യു.പി സർക്കാർ നീക്കത്തിനെതിരെ മുസ് ലിം പുരോഹിതരും ചിന്തകരും രംഗത്ത്. മദ്രസാ വിദ്യാർഥികൾ പരമ്പരാഗത വേഷം ധരിക്കുന്നതിനെതിരേയുള്ള ബി.ജെ.പി സർക്കാറിന്‍റെ നീക്കമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്.
രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകളിലും കോളജുകളിലും ഡ്രസ് കോഡ് നിർദേശിക്കുന്നത് സർക്കാറുകളല്ലെന്ന് മുസ് ലിം പുരോഹിതനായ സുഫിയാൻ നിസാമി പറഞ്ഞു. സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. പിന്നെ എന്തിനാണ് മദ്രസകൾക്കെതിരെ മാത്രം വിവേചനമെന്നും നിസാമി ചോദിച്ചു.
ഒന്നോ രണ്ടോ ശതമാനം മുസ് ലിം വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്തുന്നതിലൂടെ എന്ത് നേട്ടമാണ് മദ്രസകൾക്ക് ഉള്ളതെന്ന് മുസ് ലിം പുരോഹിതൻ മുഹമ്മദ് ഹാറൂൺ പ്രതികരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്റസ വിദ്യാർഥികൾക്ക് പ്രത്യേക യൂനിഫോം ഏർപ്പെടുത്താൻ ചൊവ്വാഴ്ചയാണ് യു.പി സർക്കാർ നീക്കം ആരംഭിച്ചത്. മദ്റസകളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിൽ എത്തിക്കാനാണ് ഇൗ പദ്ധതിയെന്നാണ് സംസ്ഥാന മുസ്ലിം വഖഫ്-ഹജ്ജ് മന്ത്രി മുഹ്സിൻ റാസ ഈ നീക്കത്തെ വിശദീകരിച്ചത്.
പരമ്പരാഗത വസ്ത്രം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അഖിലേന്ത്യ ശിയ വ്യക്തിനിയമ ബോർഡ് വക്താവ് യാസൂബ് അബ്ബാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നിലവിലുള്ള വസ്ത്രം എല്ലാവർക്കും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്റസകളിൽ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തകങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാറിെൻറ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.