മദ്റസകൾക്ക് അഫിലിയേഷനും ജിയോ ടാഗിങ്ങും കേന്ദ്രം നിർബന്ധമാക്കുന്നു
text_fieldsന്യൂഡൽഹി: മദ്റസകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പദ്ധതി (എസ്.പി.ക്യു.ഇ.എം) പ്രകാരം രാജ്യത്തെ മദ്റസകളിലെ വിദ്യാഭ്യാസം നവീകരിക്കാനൊരുങ്ങി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. പദ്ധതി പ്രകാരം മദ്റസകൾ മദ്റസ ബോർഡിലോ സംസ്ഥാന ബോർഡുകളിലോ അഫിലിയേഷൻ നിർബന്ധമാക്കും. സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ പഠിക്കുകയാണെന്നും ബജറ്റ് ലഭ്യത അനുസരിച്ച് മദ്റസകൾക്ക് പുതുമുഖം നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
മദ്റസ വിദ്യാഭ്യാസം ഗുണപരമായി മെച്ചപ്പെടുത്തലും ഒൗപചാരിക വിഷയങ്ങളിൽ വിദ്യാർഥികളെ ദേശീയ വിദ്യാഭ്യാസ നിലവാരം നേടുന്നതിന് പര്യാപ്തമാക്കലുമാണ് എസ്.പി.ക്യു.ഇ.എം പദ്ധതിയുടെ ലക്ഷ്യം. മദ്റസകൾ സ്കൂളുകൾ പോലെ പ്രവർത്തിക്കുന്നതിന് മൂന്ന് വർഷത്തേക്കുള്ള മാർഗനിർദേശങ്ങളുടെ കരട് തയാറായിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടൻ ഇത് പരസ്യപ്പെടുത്തും.
സർക്കാറിെൻറ പരിമിതമായ ഇടപെടലിലൂടെ മദ്റസകളെ ആധുനികവത്കരിക്കൽ, വിദ്യാർഥികൾ ജീവിതനൈപുണി ആർജിക്കൽ പ്രോത്സാഹിപ്പിക്കൽ, മുഖ്യധാര വിദ്യാഭ്യാസം നൽകൽ എന്നിവയാണ് എസ്.പി.ക്യു.ഇ.എമ്മിലൂടെ ഉദ്ദേശിക്കുന്നത്-മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗ്ലോബൽ പൊസിഷനിങ് സംവിധാനം വഴി രാജ്യത്തെ മദ്റസകളുടെ സ്ഥലനിർണയം നടത്താനും പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി മദ്റസകൾക്ക് സവിശേഷ തിരിച്ചറിയൽ നിർബന്ധമാക്കും. പദ്ധതിയിലുള്ള മദ്റസകൾ ജി.പി.എസ് ലൊക്കേഷൻ വിവരങ്ങൾ നൽകാൻ കഴിഞ്ഞവർഷം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
വിവരങ്ങൾ നൽകാത്തവർക്ക് അധ്യാപകർക്കുള്ള ശമ്പളം വൈകിച്ചിരുന്നു. അധ്യാപകരുടെ ഒാണറേറിയം വർധിപ്പിച്ച് ശാസ്ത്രം, കണക്ക്, ഭാഷ, സാമൂഹിക ശാസ്ത്രം തുടങ്ങിയ ഒൗപചാരിക വിഷയങ്ങൾ പഠിപ്പിക്കാനുള്ള ശേഷി വർധിപ്പിക്കലും പദ്ധതിയിലുണ്ട്. അഫിലിയേഷൻ നിർബന്ധമാക്കാനുള്ള നീക്കം സ്വയംഭരണാധികാരത്തിന് മേലുള്ള സർക്കാർ ഇടപെടലാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.