മോദിയുടെ സംവാദത്തിന് വനിതകളെ എത്തിക്കാൻ ബാധ്യതയില്ലെന്ന് മദ്രസകൾ
text_fieldsവാരണാസി: പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകളെ എത്തിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്‍റെ നിർദേശം മദ്രസകളുടെ എതിർപ്പ് മൂലം പിൻവലിച്ചു. സെപ്തംബർ 22ന് മോദിയുടെ വാരാണാസി സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു മുസ്ലിം വനിതകളുമായി സംവാദം നടത്താൻ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുസ്ലിം വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 25 പേരെ വീതം പങ്കെടുപ്പിക്കണമെന്ന് ജില്ലയിലെ മദ്രസകൾക്ക് പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മദ്രസകളുടെ എതിർപ്പ് മൂലം ഈ നിർദേശം പിന്നീട് പ്രാദേശിക ഭരണകൂടം പൻവലിക്കുകയായിരുന്നു.
സെപ്തംബർ 22ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുസ്ലിം വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്തണം എന്നായിരുന്നു എയ്ഡഡ്, നോൺ എയ്ഡഡ് മദ്രസകളിലെ പ്രിൻസിപ്പൽമാർക്കും മാനേജർമാക്കും നിർദേശം നൽകിയത്. വാരണാസി ജില്ലാ വെൽഫെയർ ഓഫിസർ ആർ.കെ. യാദവിന്‍റെ ഈ നിർദേശമാണ് പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നുമില്ലാതെ പിൻവലിക്കപ്പെട്ടത്.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാൻ തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്നാണ് മദ്രസകളുടെ നിലപാട്. തങ്ങൾ വിദ്യാഭ്യാസ സ്ഥാപനമാണ് നടത്തുന്നതെന്നും ബി.ജെ.പിയുടെയോ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെയോ പ്രവർത്തകരല്ലെന്നുമാണ് മദ്രസ അധ്യാപകരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി ദിവാൻ സാഹിബ് സമാൻ ഖാൻ ഇതിന് നൽകിയ വിശദീകരണം. ഭരണകൂടം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടതായും സമാൻ സാഹിബ് അറിയിച്ചു.
വാരാണാസിയിൽ 27 എയ്ഡഡ് മദ്രസകളും 127 നോൺ എയ്ഡഡ് മദ്രസകളും ഉണ്ട്. ഓഡിറ്റോറയിത്തിൽ 700 വനിതകൾക്ക് ഇരിക്കാനായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നു. ഒരുക്കങ്ങളെക്കുറിച്ച് തിങ്കളാഴ്ച മദ്രസ ജീവനക്കാരുമായി യോഗവും നടത്താൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, പരിപാടിയുടെ വിശദാംശങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആർ.കെ. യാദവ് പിന്നീട് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.