ഇലക്ട്രിക് മോട്ടോർ ശരിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് പേർ മരിച്ചു
text_fieldsചെന്നൈ: ചെന്നൈ കോർപ്പറേഷനിലെ കേടായ ഇലക്ട്രിക് മോട്ടോർ നന്നാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് പേർ മരിച്ചു. ഏപ്രിൽ 21 വ്യാഴാഴ്ച മധുരയിലെ നെഹ്‌റു നഗറിലാണ് സംഭവം. കോർപറേഷനിലെ മൂന്ന് കരാർ തൊഴിലാളികൾ മലിനജല പമ്പിങ് സ്റ്റേഷനിലെ ഇലക്ട്രിക് മോട്ടോർ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
ശിവകുമാർ, ലക്ഷ്മണൻ, ശരവണൻ എന്നിവരാണ് മരിച്ചത്. മലിനജല ടാങ്കിന് 30 അടി താഴ്ചയുണ്ടായിരുന്നു. ആദ്യം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ ശിവകുമാർ രാത്രി 9 മണിയോടെ ബോധരഹിതനായി വീഴുകയായിരുന്നു. തൊട്ടുപിന്നാലെ ലക്ഷ്മണനും ശരവണനും അതേ അവസ്ഥയിൽ ടാങ്കിലേക്ക് വീണു.
സംഭവമറിഞ്ഞ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ടും രക്ഷാപ്രവർത്തനം തുടർന്നു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കാർത്തിക് എന്നയാൾ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഗവൺമെന്റ് രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. മധുരൈ ജില്ലാ കലക്ടർ അനീഷ് ശേഖർ, മധുരൈ കോർപ്പറേഷൻ മേയർ ഇന്ദ്രാണി, ഡെപ്യൂട്ടി മേയർ നാഗരാജൻ, മധുര മുനിസിപ്പൽ പൊലീസ് കമ്മീഷണർ സെന്തിൽകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.