ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കേണ്ട; കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ ഹിന്ദി കത്ത് തിരിച്ചയച്ച് തമിഴ് എം.പി
text_fieldsചെന്നൈ: കേന്ദ്ര സാംസ്കാരിക വകുപ്പ് തനിക്ക് അയച്ച ഹിന്ദിയിലുള്ള കത്ത് തിരിച്ചയച്ച് എം.പിയുടെ പ്രതിഷേധം. മധുരയിൽ നിന്നുള്ള സി.പി.എം എം.പി സു വെങ്കിടേശനാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് കത്ത് മന്ത്രാലയത്തിന് തിരിച്ചയച്ചത്.
ഗാന്ധി സമാധാന സമ്മാനത്തെ കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാനാവശ്യപ്പെട്ടാണ് എം.പിക്ക് കത്ത് ലഭിച്ചത്. ഹിന്ദിയിലാണ് കത്തിന്‍റെ ഉള്ളടക്കം. അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ പ്രതിനിധികൾക്ക് പോലും ഹിന്ദിയിൽ കത്തയക്കുന്നതിന് പിന്നിലെന്ന് എം.പി ആരോപിച്ചു.
കേന്ദ്ര സർക്കാറിന് എം.പിമാർ അയക്കുന്ന കത്തുകൾക്ക് പോലും മറുപടി ഹിന്ദിയിൽ ലഭിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം പാർലമെന്‍റിൽ എം.പിമാർക്ക് നൽകിയ ഒരു നോട്ടീസിൽ ഹിന്ദി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെ ഞങ്ങൾ എതിർത്തതിന് ശേഷം ഹിന്ദിക്ക് പുറമേ ഇംഗ്ലീഷിലും നോട്ടീസ് നൽകാൻ സ്പീക്കർ നിർദേശിച്ചിരുന്നു -സു വെങ്കിടേശൻ പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ലഭിച്ച ഒരു കത്തും ഹിന്ദിയിലായിരുന്നു. പിന്നീടൊരിക്കൽ സി.ആർ.പി.എഫ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താൻ കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ കത്തിന് മറുപടി ലഭിച്ചത് ഹിന്ദിയിലാണ്. ഇതിനെ ചോദ്യം ചെയ്ത് താൻ മദ്രാസ് ഹൈകോടതിയിൽ പോയി. ഹിന്ദിയിൽ മറുപടി നൽകിയത് അബദ്ധം സംഭവിച്ചതാണെന്നും ഇനിയുള്ള ആശയവിനിമയങ്ങൾ ഇംഗ്ലീഷിലാവുമെന്നും അന്ന് കേന്ദ്ര സർക്കാർ അറിയിച്ചതാണ് -എം.പി പറഞ്ഞു.
ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്. കേന്ദ്ര സർക്കാറിന്‍റെ നിലപാടിനായി കാത്തിരിക്കുകയാണെന്നും കോടതിയെ സമീപിക്കുന്ന കാര്യം അതിന് ശേഷം തീരുമാനിക്കുമെന്നും എം.പി പറഞ്ഞു. രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം സാംസ്കാരിക വകുപ്പ് എങ്കിലും മനസിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.