'പശ്ചിമ ബംഗാൾ ഭരിക്കുന്നത് മാഫിയ സംഘം'; ബി.ജെ.പിയുടെ അന്വേഷണ റിപ്പോർട്ട് അമിത് ഷാക്ക് കൈമാറും
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബിർഭും അക്രമത്തെ തുടർന്ന് ബി.ജെ.പി നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദക്ക് കൈമാറി. തൃണമൂൽ കോൺഗ്രസ് സർക്കാറിന്‍റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പൊലീസിന്‍റെ ഒത്താശയോടെ മാഫിയ സംഘമാണ് ഭരിക്കുന്നതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ പ്രദേശവാസികളെല്ലാം വീടുപേക്ഷിച്ച് പാലായനം ചെയ്യുന്ന സാഹചര്യമാണ്. ദേശീയ മനുഷ്യാവകാശ കമ്മിറ്റി ഉൾപ്പടെയുള്ള സംഘടനകൾ ബിർഭും സന്ദർശിച്ച് ഉചിതമായ നടപടിസ്വീകരിക്കണമെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലിൽനിന്ന് തടസ്സങ്ങൾ നേരിട്ടതിനാൽ ബിർഭൂമിലെത്തി സംഭവ സ്ഥലം സന്ദർഷിക്കാൻ പ്രയാസപ്പെട്ടതായി സമിതി അറിയിച്ചു. പാർട്ടി അധ്യക്ഷന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൈമാറുമെന്ന് ഇവർ കൂട്ടിച്ചേർത്തു. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സുകാന്ത മജുംദാറും, ഭാരതി ഘോഷ്, സത്യപാൽ സിങ്, കെ.സി രാമമൂർത്തി, ബ്രിജ്‌ലാൽ എന്നീ നാല് മുൻ ഐ.പി.എസ് ഓഫീസർമാരുമാണ് സമിതിയിലെ അംഗങ്ങൾ.
കഴിഞ്ഞാഴ്ച ബിർഭൂമിലെ രാംപുർഹട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്‍റെ മരണത്തെ തുടർന്നുണ്ടായ തീവെപ്പിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരം കേസ് സി.ബി.ഐയെ ഏൽപ്പിച്ചിരുന്നു. ഇതുവരെ 21 പേരെയാണ് സി.ബി.ഐ കേസിൽ പ്രതിചേർത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.