തോക്കും തൃശൂലവുമായി ബജ്റംഗ് ദൾ പരിശീലനം; ചിത്രങ്ങളും വീഡിയോയും പുറത്ത്
text_fieldsബംഗളൂരു: തോക്കും തൃശൂലവുമായി ബജ്റംഗ് ദൾ പ്രവർത്തകർ നടത്തിയ പരിശീലനത്തിന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്ത്. മെയ് അഞ്ച് മുതൽ 11 വരെ കർണാടകയിലെ കുടക് ജില്ലയിൽ പൊന്നമ്പേട്ടിലുള്ള സ്വകാര്യ സ്കൂളിൽ നടത്തിയ ശിൽപശാലയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തോക്കും തൃശൂലവുമേന്തി പ്രവർത്തകർ പരിശീലനം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിശദീകരണവുമായി ബജ്റംഗ് ദൾ നേതാക്കൾ രംഗത്തെത്തി. എയർ ഗണ്ണുകളാണ് ഉപയോഗിച്ചതെന്നും മാനസികവും ശാരീരികവുമായ പ്രതിരോധശേഷി വർധിപ്പിക്കാനാണ് ക്യാമ്പ് നടത്തിയതെന്നുമാണ് ഇവർ പറയുന്നത്.
എയർഗണ്ണും തൃശൂലവും ആയുധ നിയമത്തിന് കീഴിൽ വരില്ലെന്നാണ് നേതാക്കളുടെ വാദം. 116 പേർ പങ്കെടുത്ത പരിശീലനം ദിവസവും പുലർച്ചെ 4.45ന് തുടങ്ങി രാത്രി 10.15 വരെ നീണ്ടിരുന്നു. വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന സംഘടനയാണ് ബജ്റംഗ് ദൾ.
സംഭവത്തിൽ കോൺഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.