ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: മജിസ്റ്റീരിയൽ അന്വേഷണം നടത്തും
text_fieldsമുംബൈ: മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയവേ ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു. യു.എ.പി.എ ചുമത്തി അറസ്റ്റിലായ 84കാരനായ സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അന്തരിച്ചത്.
''പൊലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തേണ്ടതുണ്ട്. നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണമായി പൊലീസിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് അന്വേഷണം ആരംഭിക്കും'' -ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
2018 ജനുവരി ഒന്നിന് പൂണെക്കടുത്ത് ഭീമ -കൊറെഗാവ് യുദ്ധത്തിന്‍റ 200ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിൽ കോവിഡ് വ്യാപന വേളയിലായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇദ്ദേഹത്തെ പിടികൂടിയത്. യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക് കസ്റ്റഡി കാലത്ത് കോവിഡും ബാധിച്ചിരുന്നു.
അസുഖം കലശലായതിനാൽ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേയ് 21 ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവ്. ആശുപത്രിയിൽ കഴിയവേ, ജൂലൈ നാലിന് ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.