ശരദ് പവാറിന് വീണ്ടും തിരിച്ചടി; എൻ.സി.പി അജിത് വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കാനാവില്ലെന്ന് സ്പീക്കർ
text_fieldsമുംബൈ: എൻ.സി.പി ശരദ് പവാർ വിഭാഗത്തിന് മഹാരാഷ്ട്ര നിയമസഭയിൽ വീണ്ടും തിരിച്ചടി. എൻ.സി.പി പിളർത്തി എതിർപക്ഷത്തോടൊപ്പം ചേർന്ന അജിത് പവാർ വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കർ രാഹുൽ നർവേകർ തള്ളി. അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പിളർത്തി പോയവരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയത്.
അയോഗ്യരാക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപക്ഷവും പരാതി നൽകിയിരുന്നു. ഇതിൽ വാദം കേട്ട ശേഷമാണ് സ്പീക്കറുടെ തീരുമാനം. അയോഗ്യതയാവശ്യപ്പെട്ടുള്ള ഇരുപക്ഷത്തിന്‍റെയും പരാതികൾ തള്ളുന്നതായി സ്പീക്കർ പറഞ്ഞു.
അജിത് പവാർ വിഭാഗത്തിനാണ് കൂടുതൽ എം.എൽ.എമാരുള്ളതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. 53ൽ 41 എം.എൽ.എമാരും അജിത് പവാറിനൊപ്പമാണ്. പാർട്ടിയിൽ അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നത് പാർട്ടിവിടലായി കാണാനാവില്ല. അജിത് പവാർ വിഭാഗമാണ് യഥാർഥ എന്‍.സി.പി എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചതും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് വിഭാഗത്തിന് അനുവദിച്ചിരുന്നു. ശരദ് പവാര്‍ വിഭാഗത്തിനോട് പുതിയ പേരും ചിഹ്നവും കണ്ടെത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍' എന്ന പേര് അനുവദിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശരദ് വിഭാഗം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ അജിത് പവാർ എൻ.സി.പിയെ പിളർത്തി ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ നേടിയത്. തുടർന്ന്, ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയോടും ബി.ജെ.പിയോടും ചേർന്ന് മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാഗമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.