'മഹാരാഷ്ട്ര ഗവർണർ പരിധി ലംഘിച്ചു, അപമാനിച്ചു'; വിമർശനവുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.
ഗവർണർ മറാത്തിക്കാരെ അപമാനിച്ചെന്നും പ്രസ്താവന മനപൂർവമാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഗുജറാത്തികളെയും മാർവാടികളുടെയും മഹാരാഷ്ട്രയിൽനിന്ന് പുറത്താക്കിയാൽ സംസ്ഥാനത്തിന് സാമ്പത്തിക മൂലധനം ഉണ്ടാകില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാൻ മുംബൈക്ക് കഴിയില്ലെന്നുമുള്ള ഗവർണറുടെ പ്രസ്താവനയാണ് വിവാദത്തിലായത്.
കോഷിയാരി പരിധി ലംഘിച്ചു. ഗവർണർ ഇരിക്കുന്ന പദവിയെ അദ്ദേഹം ബഹുമാനിക്കണം. വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വിവാദ പരാമർശം നടത്തിയത്.
'ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന്, പ്രത്യേകിച്ച് മുംബൈയിലും താനെയിലും നിന്ന് പുറത്താക്കിയാൽ സംസ്ഥാനത്തിന് സാമ്പത്തിക മൂലധനം ഉണ്ടാകില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കോൺഗ്രസ്, എൻ.സി.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ഗവർണർക്കെതിരെ രംഗത്തെത്തി.
മറാത്തികൾ ഉൾപ്പെടെയുള്ള മറ്റു സമുദായങ്ങളെ അപമാനിക്കുകയാണ് ഗവർണ ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തി. പരാമർശത്തെ അപലപിച്ച കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെ, അദ്ദേഹത്തെ ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.