മഹാകുംഭമേള സമാപിച്ചു, സ്നാനം ചെയ്തത് 66 കോടി ഭക്തർ; അടുത്ത കുംഭമേള എന്ന്..?, എവിടെ..?
text_fieldsമഹാകുംഭ് നഗർ (യു.പി): ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായി കണക്കാക്കുന്ന മഹാ കുംഭമേളക്ക് സമാപനം. ശിവരാത്രിദിനവും പിന്നിട്ട് വ്യാഴാഴ്ച പുലർച്ചയാണ് കുംഭമേള അവസാനിച്ചത്. 45 ദിവസം നീണ്ട കുംഭമേളയിൽ സ്നാനം ചെയ്യാൻ ലക്ഷക്കണക്കിന് ഭക്തർ ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തേക്ക് ഒഴുകിയെത്തി. ജനുവരി 13ന് പൗഷ് പൂർണിമ ദിനത്തിലാണ് (മകര സംക്രാന്തി) കുംഭമേളക്ക് തുടക്കമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 66 കോടിയിലധികം ഭക്തരാണ് പങ്കെടുത്തത്.
പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉന്നത മന്ത്രിമാർ, സിനിമതാരങ്ങൾ എന്നിവർ കുംഭമേളയിൽ പങ്കെടുത്തവരിലുൾപ്പെടുന്നു. ശിവരാത്രി ദിനത്തിൽ രാവിലെ 10 മണിയോടെ 81.09 ലക്ഷം പേർ സ്നാനം ചെയ്തതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 1.33 കോടി പേരെത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കുംഭമേള നടക്കുന്ന പ്രദേശങ്ങൾ മുഴുവൻ വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു. മഹാകുംഭ് നഗറിലെ താൽക്കാലിക 76ാം ജില്ലയിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളും ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങളുമുണ്ടായിരുന്നു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അപൂര്‍വ വിന്യാസം കാരണം ഇത്തവണത്തേത് മഹാകുംഭമേളയായിരുന്നു. 144 വർഷം കൂടുമ്പോഴാണ് മഹാകുംഭമേള നടത്തുന്നത്.
പ്രയാഗ്‌രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിൽ മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന വിവിധ തരം കുംഭമേളകളുണ്ട്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന മേളയെ കുംഭമേള എന്നും ആറ് വർഷത്തിലൊരിക്കൽ നടക്കുന്നതിനെ അർധ കുംഭമേള എന്നും വിളിക്കുന്നു. അതുപോലെ, 12 വർഷത്തിലൊരിക്കൽ നടക്കുന്നതിനെ പൂർണ കുംഭമേള എന്നും നിലവിൽ പ്രയാഗ്‌രാജിൽ നടന്നത് മഹാ കുംഭമേള എന്നും വിളിക്കുന്നു, മഹാകുംഭമേള 144 വർഷം കൂടുമ്പോഴാണ് നടക്കുക. 2027-ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള നടക്കുക.
ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെ നാസിക്കിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെ ഗോദാവരി നദിയുടെ തീരത്ത് നടക്കുന്ന കുംഭമേള അർധ കുംഭമേളയായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.