മഹാപഞ്ചായത്തിന് അനുമതിയില്ല; ഉത്തരകാശിയിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: ‘ലവ് ജിഹാദ്’ വിദ്വേഷ പ്രചാരണവുമായി ‘ദേവ് രക്ഷാ ഭൂമി അഭിയാൻ’ വിളിച്ചുചേർത്ത ഹിന്ദു മഹാ പഞ്ചായത്തിന് ഉത്തരകാശി ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. തൊട്ടുപിന്നാലെ പുരോല പട്ടണത്തിൽ ജില്ല മജിസ്ത്രേട്ട് അഭിഷേക് രോഹില നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന ലംഘനത്തിന് ഒരാളെയും അനുവദിക്കില്ലെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ വ്യക്തമാക്കി. വിഷയം വ്യാഴാഴ്ച രാവിലെ ഹൈകോടതി അടിയന്തരമായി പരിഗണിക്കാമെന്ന് അറിയിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ജില്ല മജിസ്ത്രേട്ട് അഭിഷേക് രോഹിലയും ജില്ല പൊലീസ് സൂപ്രണ്ട് അർപൺ യദുവൻഷിയും പുരോലയിലെ വ്യാപാരികളെയും സംഘടന നേതാക്കളെയും കണ്ട് സൗഹാർദവും സമാധാനവും കാത്തുസൂക്ഷിക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ല ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിൽ വ്യാപാരികളുമായും നേതാക്കളുമായും കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തിയിരുന്നു. മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് അഭിപ്രായം ആരായുകയും ചെയ്തു. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിമൂലം കഴിഞ്ഞ മാസം 26 മുതൽ കട തുറക്കാൻകഴിയാത്ത അമ്പതോളം മുസ്ലിം വ്യാപാരികൾക്ക് പൊലീസ് സംരക്ഷണം നൽകാമെന്നും കടകൾക്ക് മേൽ മുസ്ലിംകൾ പുരോല വിട്ടുപോകാൻ അന്ത്യശാസനം നൽകി പോസ്റ്റർ പതിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.