മഹാദേവ് വാതുവെപ്പ് ആപ് കേസ്: നടൻ സാഹിൽ ഖാനടക്കം മൂന്നു പേരെ ഇന്ന് ചോദ്യം ചെയ്യും
text_fieldsമുംബൈ: 15,000 കോടിയുടെ മഹാദേവ് വാതുവെപ്പ് ആപ് കേസിൽ നടൻ സാഹിൽ ഖാനടക്കം മൂന്നു പേരെ ഇന്ന് ചോദ്യം ചെയ്യും. മുംബൈ സൈബർ സെല്ലിന്‍റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചു.
കേസിലെ രണ്ട് പ്രധാന പ്രതികളിൽ ഒരാളായ രവി ഉപ്പലിനെ ദുബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഉപ്പലിനെ ഉടനെ ഇന്ത്യയിലെത്തിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഉപ്പൽ നേരിടുന്നത്.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളായ രൺബീർ കപൂർ, കപിൽ ശർമ്മ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് അയച്ചതോടെയാണ് വാതുവെപ്പ് വാർത്തകളിൽ ഇടം നേടിയത്. ഹവാല പണം വൻതോതിൽ ആപുകളിലേക്ക് ഒഴുകിയെന്നാണ് പൊലീസിന്റെ നിഗമനം. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നും ദുബൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
70ഓളം എഫ്.ഐ.ആറുകളാണ് ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം അറസ്റ്റുകൾ നടത്തുകയും ചെയ്തു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് 508 കോടി നൽകിയെന്ന മൊഴി കേസിലെ പ്രതി അസിം ദാസ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.