യു.പിയിൽ ട്രെയിൻ പാളം തെറ്റി
text_fieldsബാന്ദ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ജബൽപുർ^നിസാമുദ്ദീൻ മഹാകൗശൽ എക്സ്പ്രസ് പാളം തെറ്റി 52 പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 10 പേരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. മഹോബ^കുൽപബദ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സുപ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ 2.20നാണ് അപകടം.
എട്ട് ബോഗികളാണ് അപകടത്തിൽപെട്ടത്. ചില ബോഗികൾ ചരിഞ്ഞു വീണെങ്കിലും മറ്റ് ബോഗികൾക്ക് മുകളിലേക്ക് പാഞ്ഞുകയറാത്തത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽപെടാത്ത 10 ബോഗികളുമായി രാവിലെ 6.40 ഓടെ ട്രെയിൻ യാത്ര തുടർന്നു. അപകടം നടന്ന സ്ഥലത്ത് 400 മീറ്റർ ദൂരത്തിൽ പാളം തകർന്നിട്ടുണ്ട്.
പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വിള്ളൽ പെട്ടെന്നുണ്ടായതാണെന്നും അതിനാലാണ് അപകടം തിരിച്ചറിഞ്ഞ് മുൻകരുതലെടുക്കാൻ സാധിക്കാതിരുന്നതെന്നും യു.പി റെയിൽവേ മന്ത്രി മനോജ് സിൻഹ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരിക്കേറ്റവർക്ക് 25,000 രൂപയും സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും ചെറിയ പരിക്കേറ്റവർക്ക് 45000 രൂപയും റെയിൽവേയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം കാരണം ഇതുവഴിയുള്ള 14 ട്രെയിൻ സർവിസുകളിൽ ഏഴെണ്ണം റദ്ദാക്കുകയും ഏഴെണ്ണം വഴി തിരിച്ച് വിട്ടിട്ടുമുണ്ട്. അർധരാത്രിയോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.