അവർ മൂത്രമൊഴിച്ചും തുപ്പിവെച്ചും പരിഭാവന ഭൂമി അശുദ്ധമാക്കും; കുംഭമേളക്ക് മുസ്‍ലിം കച്ചവടക്കാരെ പ്രവേശിപ്പിക്കരുതെന്ന് മഹന്ത് രവീന്ദ്ര പുരി
text_fieldsലഖ്നോ: പ്രയാഗ് രാജിലെ കുംഭമേളയോടനുബന്ധിച്ച് അഹിന്ദുക്കളായവർക്ക് കടകൾ നടത്താൻ അനുമതി നൽകരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരി. കുംഭമേള നടക്കുന്ന പരിസരത്ത് ചായയും ജ്യൂസും പൂക്കളും വിൽക്കുന്ന സ്റ്റാളുകളിടാൻ അഹിന്ദുക്കളായ കച്ചവടക്കാർക്ക് അനുമതി നൽകരുതെന്നാണ് രവീന്ദ്ര പുരിയുടെ ആവശ്യം. അത്തരക്കാർക്കും കടകൾ നടത്താൻ അനുമതി നൽകിയാൽ, തുപ്പിവെച്ചും മൂത്രമൊഴിച്ചും അവർ പരിഭാവനമായ സ്ഥലം അശുദ്ധമാക്കും. അങ്ങനെയുള്ള സംഭവങ്ങളുണ്ടായാൽ
ചിലരുടെ വികാരങ്ങൾ വ്രണപ്പെടും. ലോകവ്യാപകമായി തെറ്റായ സന്ദേശമായിരിക്കും അത് നൽകുക. നമ്മുടെ വിശ്വാസം മനോഹരമാണ്. സമാധാനപരവും ശുദ്ധവും പവിത്രവും വിശാലവുമാണ്. അതിനാൽ പവിത്രമായ ആഘോഷം നടക്കുന്ന സന്ദർഭത്തിൽ അഹിന്ദുക്കളെ ഇവിടെ നിന്ന് അകറ്റിനിർത്തണം. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രവീന്ദ്ര പുരി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ തന്റെ ഒടുവിലത്തെ മൻ കീ ബാത്തിൽ രാജ്യത്ത് ഐക്യവും സാഹോദര്യവും കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവിന്റെ വിഷം ചീറ്റൽ. സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കണമെന്നും മോദി പറഞ്ഞിരുന്നു. വരാനിരിക്കുന്ന പ്രയാഗ് രാജിലെ കുംഭമേളയെ കുറിച്ചും മോദി പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
കുംഭമേള വൈവിധ്യത്തിന്റെ അതുല്യമായ കാഴ്ചയാണെന്നും ഇത്തരത്തിലുള്ള ആത്മീയ ഉൽസവങ്ങൾ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമാണ് തുറന്നുകാട്ടുന്നതെന്നും എവിടെയും ഒരുതരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നും എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി ഉദ്ഘോഷിക്കുകയുണ്ടായി.
കോടിക്കണക്കിന് ആളുകളാണ് കുംഭമേളക്ക് എത്തുന്നത്. ലക്ഷക്കണക്കിന് സന്യാസിമാർ, വിവിധ വിഭാഗങ്ങളിലുള്ളവർ, നിരവധി അഖാരകൾ എന്നിങ്ങനെ എല്ലാവരും ഈ ഉത്സവത്തിന്റെ ഭാഗമാകുന്നു. ഒരിടത്തും വിവേചനമില്ല. ആരും അവിടെ വലിയവരല്ല, ആരും ചെറുതുമല്ല. ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഇത്തരത്തിലുള്ള വൈവിധ്യം കാണാൻ സാധിക്കുകയില്ലെന്നും മോദി അവകാശപ്പെടുകയുണ്ടായി.
അഹിന്ദുക്കളായ കച്ചവടക്കാരെ കുംഭമേള നടക്കുന്ന ഇടങ്ങളിലേക്ക് പ്രവേശിപ്പിക്കരുരെന്ന അഖില ഭാരതീയ അഖാര പരിഷത്തിന്റെ നിർദേശത്തിനെതിരെ ആൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് രംഗത്തുവന്നിരുന്നു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണ് അത്തരം നീക്കമെന്നും അവർ വാദിക്കുകയും ചെയ്തു.
2025 ജനുവരി 13 മുതലാണ് കുംഭമേള തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.