തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സർക്കാർ ജീവനക്കാർക്ക് വൻ ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വൻ ബോണസ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ. താഴെത്തട്ടിലുള്ള ജീവനക്കാർ, കിൻഡർഗാർട്ടൻ ടീച്ചർമാർ, ആശ വർക്കർമാർ എന്നിവർക്കാണ് ബോണസിന്റെ ആനുകൂല്യം ലഭിക്കുക.
ബൃഹാൻ മുംബൈ കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും 28,000 രൂപയായിരിക്കും ദീപാവലി ബോണസായി ലഭിക്കുക. കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ 3000 രൂപ കൂടുതലാണിത്. ലഡ്കി ബഹിൻ യോജന ദീപാവലി ബോണസ് പദ്ധതി പ്രകാരമുള്ള നാലും അഞ്ചും ഇൻസ്റ്റാൾമെന്റുകൾ മുൻകൂട്ടി അക്കൗണ്ടിലേക്ക് കൈമാറുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. 3000 രൂപയാണ് ഇത്തരത്തിൽ ബോണസായി നൽകുക.
ഈ പദ്ധതി പ്രകാരം വരുമാനം രണ്ടര ലക്ഷം രൂപക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1500 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടേയും തീയതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.
ഉത്തർ പ്രദേശിൽ 10 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒമ്പതുപേർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെങ്കിൽ മറ്റൊരിടത്ത് സമാജ്‍വാദി പാർട്ടി എം.എൽ.എ ക്രിമിനൽ കേസിൽ കുടുങ്ങിയതോടെ അയോഗ്യനായതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിൽ രണ്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.