മഹാരാഷ്ട്ര: പരസ്പരം സമ്മർദത്തിലാക്കി സഖ്യകക്ഷികൾ മുഖാമുഖം
text_fieldsമുംബൈ: ഒരേ സിറ്റീനായി ഇരുമുന്നണിയിലെയും സഖ്യകക്ഷികൾ തമ്മിൽ കനത്ത പോര്. സൊലാപുരിലെ സാൻഗോല, മുംബൈയിലെ മാഹിം സീറ്റുമാണ് ഇവയിൽ ശ്രദ്ധേയം. മാഹിമിൽ ബി.ജെ.പിയും രാജ് താക്കറെയുടെ എം.എൻ.എസും ഷിൻഡെ പക്ഷത്തെ കടുത്ത സമ്മർദത്തിലാക്കി. സീറ്റ് വിഭജനത്തിൽ സിറ്റിങ് സീറ്റ് കിട്ടിയെങ്കിലും രാജ് താക്കറെയുടെ മകൻ അമിത് താക്കറെ സ്ഥാനാർഥിയായതോടെ ബി.ജെ.പിക്ക് മനംമാറ്റമുണ്ടായി. സിറ്റിങ് എം.എൽ.എ സദാ സർവങ്കറെ പിൻവലിച്ച് ഷിൻഡെ പക്ഷം അമിത് താക്കറെക്ക് പിന്തുണ നൽകണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അമിത് താക്കറെയെ പിൻവലിക്കാൻ ഷിൻഡെ തയാറായിരുന്നു. എന്നാൽ, പിന്മാറാൻ സദാ സർവങ്കർ തയാറല്ല. മാത്രമല്ല, സർവങ്കർ പിന്മാറിയാൽ ഷിൻഡെ പക്ഷ വോട്ട് ഉദ്ധവ് പക്ഷത്തിന് പോകും. മഹേഷ് സാവന്താണ് ഉദ്ധവ് പക്ഷ സ്ഥാനാർഥി. ദാദർ ഉൾപ്പെട്ട മാഹിം ഉദ്ധവിനും രാജിനും വളരെ പ്രധാനപ്പെട്ട മണ്ഡലമാണ്. ഷിൻഡെ പക്ഷ സ്ഥാനാർഥി ഒരുനിലക്കും വിട്ടുകൊടുക്കാതെ ഉറച്ചുനിൽക്കുകയാണ്. ഷിൻഡെയെ ഇത് കൂടുതൽ സമ്മർദത്തിലാക്കി.
സൊലാപുരിലെ സാൻഗോലയിൽ മഹാവികാസ് അഘാഡിയിലെ ഉദ്ധവ് പക്ഷ ശിവസേനയും പി.ഡബ്ല്യു.പിയും തമ്മിലാണ് തർക്കം. ഷിൻഡെ പക്ഷത്തിന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എം.എൽ.എ ഷാഹാജി ബാപുവാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി. ഇവിടെ ദീപക് സാലുൻഖെയേ ഉദ്ധവ് താക്കറെയും ബാബസാഹെബ് ദേശ്മുഖിനെ പി.ഡബ്ല്യു.പിയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. 2019ൽ അവിഭക്ത ശിവസേന സീറ്റ് നേടിയതാണ് ഉദ്ധവ് പക്ഷത്തിന്റെ ന്യായം. അന്ന് ആദ്യമായാണ് ഈ സീറ്റിൽ ശിവസേന ജയിക്കുന്നത്. അതിനു മുമ്പ് ഒരു ഇടവേള ഒഴിച്ചാൽ ഗണപത്റാവു ദേശ്മുഖിലൂടെ 11 തവണ പി.ഡബ്ല്യു.പി ജയിച്ച മണ്ഡലമാണ്. കഴിഞ്ഞ തവണ ഗണപത്റാവുവിന് പകരം മകൻ അനികേത് ദേശ്മുഖ് ആയിരുന്നു മത്സരിച്ചത്. തെരഞ്ഞെടുപ്പുകളിലും മറ്റും ശരദ് പവാർ പിന്തുണക്കുന്ന പാർട്ടിയാണ് പി.ഡബ്ല്യു.പി. കമ്യൂണിസ്റ്റ് പ്രസ്ഥാനമായ പി.ഡബ്ല്യു.പിയിൽ പവാറിന്റെ അമ്മ അംഗമായിരുന്നു. സീറ്റ് വിട്ടുകിട്ടാൻ പാർട്ടി അധ്യക്ഷൻ ജയന്ത് പാട്ടീൽ ഉദ്ധവുമായി ചർച്ച നടത്തി. പവാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.