മഹാരാഷ്ട്ര; കോൺഗ്രസിനെ ചർച്ചക്ക് വിളിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരുന്നതിനിടെ, ആശങ്കകൾ ചർച്ച ചെയ്യാമെന്ന് കോൺഗ്രസിനെ അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നത്. എന്നിരുന്നാലും, കോൺഗ്രസ് പ്രതിനിധി സംഘവുമായി ഡിസംബർ മൂന്നിന് ന്യായമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കി കമീഷൻ കത്തയച്ചു. പട്ടികയിലും വോട്ടെണ്ണലിലും പൊരുത്തക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് കമീഷന് കത്ത് നൽകിയതിന് പിന്നാലെയാണ് ക്ഷണം.
കോൺഗ്രസ് ഉന്നയിച്ച എല്ലാ ന്യായമായ ആശങ്കകളും അവലോകനം ചെയ്യുമെന്നും പ്രതിനിധി സംഘത്തെ കേട്ട ശേഷം രേഖാമൂലമുള്ള പ്രതികരണം നൽകുമെന്നും കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നു. പോളിങ് ഡേറ്റയിൽ പൊരുത്തക്കേടില്ല. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ ഒപ്പമുണ്ടായിരുന്നുവെന്നും കമീഷൻ വ്യക്തമാക്കി.
വൈകുന്നേരം അഞ്ച് വരെയുള്ള പോളിങ് ഡേറ്റയും അന്തിമ പോളിങ് ഡേറ്റയും തമ്മിലുള്ള വ്യത്യാസം പ്രിസൈഡിങ് ഓഫിസർമാർ പോളിങ് വിവരം അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതികം മാത്രമാണ്. പോളിങ് അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളും ഇതോടൊപ്പം പ്രിസൈഡിങ് ഓഫിസർമാർ പൂർത്തിയാക്കേണ്ടതുണ്ടെന്നും കമീഷൻ കത്തിൽ വിശദീകരിക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ വോട്ട് ചെയ്ത കണക്കും വോട്ടെണ്ണിയ കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്, ചില വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തു, ഓരോ നിയോജക മണ്ഡലത്തിലെയും 10,000ത്തിലധികം വോട്ടർമാരെ അധികമായി ചേർത്തു, വോട്ടുയന്ത്രത്തിൽ ക്രമക്കേട് നടന്നു തുടങ്ങിയ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.