മഹാരാഷ്ട്ര: ഉയർന്ന പോളിങ്ങിൽ പ്രതീക്ഷയുമായി മുന്നണികൾ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മികച്ച പോളിങ്. 65 ശതമാനത്തിന് മുകളിലാണ് ബുധനാഴ്ച പോളിങ് നടന്നത്. ഇതിനുമുമ്പ് ഉയർന്ന പോളിങ്ങുണ്ടായത് 1995ലാണ് (71.69). 2019 നിയമസഭ തെരഞ്ഞെടുപ്പിൽ 61.44 ശതമാനവും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 61.39 ശതമാനവുമായിരുന്നു പോളിങ്. പോളിങ് വർധന തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു.
മുമ്പ് പോളിങ് കൂടിയപ്പോഴൊക്കെ പാർട്ടിക്കും സഖ്യത്തിനുമാണ് നേട്ടമുണ്ടായതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെട്ടു. മഹായുതി സർക്കാർ ഭരണത്തിലെ സംതൃപ്തിയും അടുപ്പവുമാണ് വോട്ടർമാർ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളിലെ ഉത്സാഹമാണ് പ്രകടമായതെന്നും ആത്മാഭിമാനമുള്ള മഹാരാഷ്ട്രക്കാർ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്ന സർക്കാറിനെയാണ് തെരഞ്ഞെടുക്കുകയെന്നും കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ പറഞ്ഞു. മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിലേറെയും ഭരണമുന്നണിയായ മഹായുതിക്ക് അനുകൂലമാണ്. എന്നാൽ, മറാത്തി ചാനലായ ‘ടിവി 9 മറാത്തി’യുടെ ‘ടിവി 9 റിപ്പോർട്ടർ പോൾ’ എം.വി.എക്കാണ് സാധ്യത പ്രവചിക്കുന്നത്. ശിവസേനയും (ഷിൻഡെ), എൻ.സി.പി.യു (അജിത് പവാർ) മാണ് മഹായുതിയിലെ മറ്റ് ഘടകകക്ഷികൾ. കോൺഗ്രസും ശിവസേന-യു.ബി.ടിയും (ഉദ്ധവ്), എൻ.സി.പി-എസ്.പിയും (ശരദ് പവാർ) ചേർന്നതാണ് എം.വി.എ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൊപ്രി-പഞ്ച്പഖഡിയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത് വെസ്റ്റിലും ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിലുമാണ് ജനവിധി തേടിയത്. അജിത് പവാർ സഹോദര പുത്രൻ യുഗേന്ദ്ര പവാറിനെ നേരിട്ട ബാരാമതിയിൽ 71.03 ശതമാനമാണ് പോളിങ് (2.21 വർധന). പാർട്ടി പിളർത്തിയ ഷിൻഡെക്കും അജിതിനും നിർണായകമാണ് ശനിയാഴ്ചത്തെ ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.