ലോകായുക്ത ഭേദഗതി ബിൽ മഹാരാഷ്ട്ര പാസാക്കി; മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് നിയമസഭയുടെ അനുമതി വേണം
text_fieldsമുംബൈ: ലോകായുക്ത ഭേദഗതി ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് സഭയിൽ മന്ത്രി ദീപക് കെസർക്കറാണ് ബിൽ അവതരിപ്പിച്ചത്. തുടർ ദിവസങ്ങളിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബിൽ പാസാക്കിയത്. മുഖ്യമന്ത്രിക്കെതിരായ അഴിമതിയാരോപണം, സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ, ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ലോകായുക്തയുടെ അന്വേഷണ പരിധിയിൽവരില്ല. എന്നാൽ, മുഖ്യമന്ത്രിക്കെതിരായ എല്ലാ ആരോപണങ്ങളും രഹസ്യന്വേഷണ സ്വഭാവത്തിൽ ലോകായുക്തക്ക് പരിശോധിക്കാം.
മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന് നിയമസഭയിൽ മൂന്നിൽരണ്ട് അംഗങ്ങളുടെ അനുമതി വേണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ, പരാതി തള്ളുകയാണെങ്കിൽ അന്വേഷണ രേഖകൾ പ്രസിദ്ധീകരിക്കുകയോ മറ്റാർക്കും ലഭ്യമാക്കുകയോ ചെയ്യരുത്.
ലോകായുക്ത അംഗങ്ങളെയും ചെയർപേഴ്‌സണെയും നിയമിക്കുന്നതിനുള്ള സമിതിയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, കൗൺസിൽ ചെയർപേഴ്‌സൺ, നിയമസഭയിലേയും കൗൺസിലിലേയും പ്രതിപക്ഷ നേതാക്കന്മാർ, ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായിരിക്കും. വിരമിച്ച സുപ്രീംകോടതി ജസ്റ്റിസോ ഹൈകോടതി ചീഫ് ജസ്റ്റിസോ ആയിരിക്കും ലോകായുക്ത അധ്യക്ഷനായി നിയമിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.