'ദിവസേന മത്സ്യം കഴിച്ചാൽ ഐശ്വര്യ റായിയുടെ പോലെ തിളക്കമുള്ള കണ്ണുകൾ ലഭിക്കും'; വിവാദ പരാമർശത്തിന് പിന്നാലെ വെട്ടിലായി ബി.ജെ.പി മന്ത്രി
text_fieldsമുംബൈ: ദിവസവും മീൻ കഴിക്കുന്നത് ഐശ്വര്യറായിയുടെ കണ്ണുകൾ പോലെ സുന്ദരമായ കണ്ണ് ലഭിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ വെട്ടിലായി ബി.ജെ.പി മന്ത്രി. മഹാരാഷ്ട്രയിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മംഗലാപുരത്തെ കടലോര മേഖലയിലാണ് നടി ജീവിച്ചിരുന്നതെന്നും ദിവസേന മത്സ്യം കഴിക്കുന്നത് കൊണ്ടാണ് അവരുടെ കണ്ണ് അത്രമേൽ സുന്ദരമായിരിക്കുന്നതെന്നുമായിരുന്നു പട്ടികവർഗ വിഭാഗം മന്ത്രി വിജയകുമാർ ഗവിതിന്‍റെ പരാമർശം.
"ദിവസേന മത്സ്യം കഴിക്കുന്നവരുടെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടാകും. അവരുടെ ചർമം വളരെ മൃദുവായിരിക്കും. ആരെങ്കിലും നിങ്ങളെ നോക്കിയാൽ തന്നെ അവർ നിങ്ങളിൽ ആകൃഷ്ടരാകും.
ഞാൻ നിങ്ങളോട് ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞിരുന്നോ. അവർ മംഗലാപുരത്തെ കടലോരമേഖലയിലാണ് താമസിച്ചിരുന്നത്. അവർ ദിവസവും മത്സ്യം കഴിക്കുമായിരുന്നു. നിങ്ങൾ ഐശ്വര്യ റായിയുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ. നിങ്ങൾക്കും അവരെ പോലുള്ള കണ്ണുകൾ ലഭിക്കും" - മന്ത്രി പറഞ്ഞു. ഗവിതിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം മന്ത്രി നടിയുടെ കണ്ണുകൾ നോക്കാതെ ആദിവാസികളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതമെന്നാണ് എൻ.സി.പി നേതാവ് അമോൽ മിത്കാരിയുടെ വിമർശനം. അതേസമയം താൻ എല്ലാദിവസവും മീൻ കഴിക്കുന്നയാളാണെന്നും അതുകൊണ്ട് തന്‍റെ കണ്ണിനും തിളക്കമുണ്ടാകേണ്ടതാണല്ലോയെന്നുമായിരുന്നു ബി.ജെ.പി എം.എൽ.എ നിതേഷ് റാണെയുടെ പരാമർശം. വിഷയത്തിൽ മന്ത്രി എന്തെങ്കിലും റിസർച്ച് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.