വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്യണം; മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനവുമായി ബി.ജെ.പി
text_fieldsമുംബൈ: വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിയെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനം നൽകി ബി.ജെ.പി. ഹൈന്ദവ വിശ്വാസികൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ഉസ്മാനിക്കെതിരെ ബി.ജെ.പി ഉയർത്തിയ ആരോപണം.
ഭാരതീയ ജനത യുവ മോർച്ച നേതാക്കൾ ഷർജീൽ ഉസ്മാനിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച പുണെയിൽ നടന്ന എൽഗാർ പരിഷത്ത് കോൺക്ലേവിലെ പ്രസംഗത്തിനിടെ ഷർജീൽ വിവാദ പ്രസ്താവന നടത്തിയെന്നാണ് വാദം.
ഹൈന്ദവ സമൂഹത്തെയും സമുദായത്തെയും അപമാനിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും എൽഗാർ പരിഷത്ത് നേതാക്കൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ സംരക്ഷിക്കാനാണ് മഹാരാഷ്ട്ര സർക്കാർ ശ്രമം. അടുത്ത 48 മണിക്കൂറിനുള്ളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ തെരുവിലറങ്ങി പ്രതിേഷധിക്കും -ബി.ജെ.പി എം.എൽ.എ രാം കദം പറഞ്ഞു.
േകാൺക്ലേവിനിടെ നടന്ന പ്രസംഗം പരിശോധിക്കുകയാണെന്നും ആക്ഷേപകരമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.
ഹൈദരാബാദ് സർവകലാശാലയിൽ ദലിത് ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഭീമ -കൊേറഗാവ് ശൗര്യ ദിൻ പ്രേരണയുടെ ആഭിമുഖ്യത്തിൽ േകാൺക്ലേവ് സംഘടിപ്പിച്ചത്. ഷർജീൽ ഉസ്മാനിയെ കൂടാതെ അരുന്ധതി റോയ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ, മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ, ദലിത് ആക്ടിവിസ്റ്റ് സത്യഭാമ സൂര്യവൻഷി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചിരുന്നു.
അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർഥി നേതാവാണ് ഷർജീൽ ഉസ്മാനി. പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് യു.പി പൊലീസ് ഷർജീലിനെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.