മഹാരാഷ്ട്രയിൽ കർഷകരുടെ പേരിൽ 5400 കോടിയുടെ തട്ടിപ്പ്
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷി നേതാവും പഞ്ചസാരപ്രഭുവുമായ രത്നാകര്‍ മണിക്റാവു ഗുട്ടെ കര്‍ഷകരുടെ പേരില്‍ 5400 കോടി രൂപ കടമെടുത്ത് തട്ടിപ്പ് നടത്തിയതായി ആരോപണം. മഹാരാഷ്ട്ര നിയമസഭയില്‍ നിയമസഭ കൗണ്‍സില്‍ പ്രതിപക്ഷനേതാവ് എന്‍.സി.പിയിലെ ധനഞ്ജയ് മുണ്ടെയാണ് ആരോപണം ഉന്നയിച്ചത്. 22 വ്യാജ കമ്പനികള്‍ സൃഷ്ടിച്ച് പണം വഴിതിരിച്ചുവിട്ടതായി ആരോപിച്ച ധനഞ്ജയ് എത്രയും പെട്ടെന്ന് രത്നാകര്‍ ഗുട്ടെെക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വൈകിയാല്‍ നീരവ് മോദിയെപ്പോലെ നാടുവിടുമെന്ന മുന്നറിയിപ്പും നല്കി. സംഭവത്തില്‍ സഭ അധ്യക്ഷന്‍ സര്‍ക്കാറിെൻറ വിശദീകരണം തേടി. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെക്കുറിച്ചുള്ള ‘ആക്സിഡൻറല്‍ പ്രൈം മിനിസ്റ്റർ’ എന്ന ബോളിവുഡ് സിനിമ നിര്‍മിച്ചത് രത്നാകര്‍ ഗുട്ടെയുടെ മകന് വിജയ് ഗുട്ടെയാണ്.നിലവില്‍ 328 കോടി രൂപയുടെ കര്‍ഷക വായ്പ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ് രത്നാകര്‍ ഗുട്ടെ. പര്ഭനയിലെ ഗംഗാഖേദില് ഗംഗാഖേദ് ഷുഗര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ്.
മഹാരാഷ്ട്ര മൃഗസംരക്ഷണ, ക്ഷീരവികസന, മത്സ്യബന്ധന മന്ത്രി മഹാദേവ് ജാന്‍കറുടെ രാഷ്ട്രീയ സമാജ്പക്ഷ സംഘടനയുടെ നേതാവാണ് രത്നാകർ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയില്‍ ഗംഗാഖേദില് മത്സരിച്ച് എൻ.സി.പിയോട് തോല്‍ക്കുകയായിരുന്നു. 2015ല്‍ 2298 കര്‍ഷകരുടെ പേരിലുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ആറ് ബാങ്കുകളില്‍നിന്ന് 328 കോടി രൂപ കര്ഷകവായ്പയായി രത്നാകര്‍ ഗുട്ടെ നേടിയതെന്നാണ് ആരോപണം. രത്നാകര്‍ കടമെടുത്തവയില് അഞ്ചെണ്ണം പൊതുമേഖല ബാങ്കുകളാണ്. രത്നാകര്‍ ഗുട്ടെ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍ സഹായത്തിെനത്തുന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.