മഹാരാഷ്ട്രയിൽ 60 ശതമാനം, ഝാർഖണ്ഡിൽ 68 ശതമാനം; ഇനി നെഞ്ചിടിപ്പ്
text_fieldsന്യൂഡൽഹി/മുംബൈ: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി രണ്ടുദിവസം ആകാംക്ഷയോടെ കാത്തിരിപ്പ്. 23നാണ് വോട്ടെണ്ണൽ.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തിനും ബി.ജെ.പി സഖ്യമായ എൻ.ഡി.എക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലെയും ഉപതെരഞ്ഞെടുപ്പ് ഫലവും ശനിയാഴ്ചയാണ്. വയനാട് കൂടാതെ മഹാരാഷ്ട്രയിലെ നാേന്ദഡ് ലോക്സഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.
മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്കും ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലുമായിരുന്നു ബുധനാഴ്ച വോട്ടെടുപ്പ്. നാലു സംസ്ഥാനങ്ങളിൽ 15 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും നടന്നു. ഝാർഖണ്ഡിൽ 43 മണ്ഡലങ്ങളിൽ ഈ മാസം 13ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 64.86 ശതമാനമായിരുന്നു പോളിങ്. മറ്റ് സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും അന്ന് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.
മഹാരാഷ്ട്രയിൽ വൈകീട്ട് ആറുവരെ 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019ൽ 61.74 ശതമാനമായിരുന്നു പോളിങ്. മുംബൈ നഗരത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് (49.07). മാവോവാദി ഭീഷണി ആരോപിക്കപ്പെടുന്ന ഗഡ്ചിറോളിയിലാണ് ഏറ്റവും കൂടുതൽ (69.63) വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പി, ശിവസേന, എൻ.സി.പി സഖ്യ മഹായുതി മുന്നണിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി സഖ്യ മഹാവികാസ് അഘാഡി (എം.വി.എ)യും വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നു. എക്സിറ്റ് പോളുകളെല്ലാം മഹായുതിയുടെ ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും എം.വി.എ നേതാക്കൾ ആത്മവിശ്വാസത്തിലാണ്. 288 സീറ്റുകളുള്ള സംസ്ഥാനത്ത് ഭരിക്കാൻ 145 സീറ്റുകൾ ജയിക്കണം.
ഝാർഖണ്ഡിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. 12 ജില്ലകളിലെ 14,218 ബൂത്തുകളിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ തുടർന്നു. എന്നാൽ, 31 ബൂത്തുകളിലെ പോളിങ് വൈകീട്ട് നാലിന് അവസാനിച്ചു.
ഭരണകക്ഷിയായ ജെ.എം.എം നേതൃത്വത്തിലുള്ള ഇൻഡ്യ ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി അധികാരം നിലനിർത്താൻ ശ്രമിക്കുകയാണ്, അതേസമയം ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഏറ്റവും കൂടുതൽ പോളിങ് നടന്നത് ജംതാര ജില്ലയിലാണ് -76.16 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.