ധനകാര്യം അജിത് പവാറിനെന്ന്; ഷിൻഡെ പക്ഷത്തും ബി.ജെ.പിയിലും മുറുമുറുപ്പ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ധനകാര്യ വകുപ്പ് എൻ.സി.പി വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് നൽകാൻ ബി.ജെ.പി ദേശീയ നേതൃത്വം സമ്മതിച്ചതായി സൂചന. കഴിഞ്ഞ രണ്ടിനാണ് അജിത് പവാറും മറ്റ് എട്ട് എൻ.സി.പി വിമതരും സത്യപ്രതിജ്ഞചെയ്തത്. എന്നാൽ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത പക്ഷവുമായുള്ള തർക്കത്തെ തുടർന്ന് അജിത് പക്ഷക്കാർക്ക് വകുപ്പുകൾ നൽകാനായില്ല. ധനകാര്യവകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം. നിലവിൽ ബി.ജെ.പിയിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. എന്നാൽ, ബി.ജെ.പിയെക്കാൾ കൂടുതൽ അജിതിന് ധനകാര്യം നൽകുന്നതിനെ എതിർക്കുന്നത് ഷിൻഡെ പക്ഷമാണ്.
കഴിഞ്ഞ എം.വി.എ സർക്കാറിൽ അജിതായിരുന്നു ധനകാര്യ മന്ത്രി. അന്ന് അജിത് തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചില്ലെന്ന് വിമത നീക്കത്തിന് കാരണമായി ഷിൻഡെ പക്ഷം പ്രചരിപ്പിച്ചിരുന്നു. ഷിൻഡെ പക്ഷ ശിവസേന–ബി.ജെ.പി–എൻ.സി.പി വിമത സഖ്യ സർക്കാറിൽ അജിതിനുതന്നെ ധനകാര്യം ലഭിക്കുമ്പോൾ ഷിൻഡെ പക്ഷത്തിന്റെ ആരോപണങ്ങളാണ് പൊളിയുന്നത്.
മാത്രമല്ല; ധനകാര്യം അജിത് പവാറിന് വിട്ടുകൊടുക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നിർദേശിക്കുന്നത് ദേവേന്ദ്ര ഫഡ്നാവിസിനും തിരിച്ചടിയാണ്. ബുധനാഴ്ച അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവർ ഡൽഹിയിൽ ചെന്ന് അമിത് ഷായെ കാണുകയായിരുന്നു. പരസ്യ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. വെള്ളിയാഴ്ചയോടെ വകുപ്പുകൾ വിതരണം ചെയ്യുമെന്നാണ് സൂചന. തിങ്കളാഴ്ച വർഷകാല സഭ സമ്മേളനം തുടങ്ങുകയാണ്.
ധനകാര്യത്തിനൊപ്പം സഹകരണ വകുപ്പും എൻ.സി.പി വിമതർക്ക് ലഭിച്ചേക്കും. ഷിൻഡെ പക്ഷ എം.എൽ.എമാർ ഒരു വർഷമായി മന്ത്രിസഭ വികസനം കാത്തുനിൽക്കെയാണ് എൻ.സി.പി വിമതർക്ക് പ്രധാന വകുപ്പുകൾ നൽകുന്നത്. മന്ത്രിസഭ വികസനം വർഷകാല സമ്മേളനത്തിന് ശേഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.