മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനം നാളെ
text_fieldsമുംബൈ: നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്ര മന്ത്രിസഭ നാളെ വികസിപ്പിക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആകും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ഉദ്ധവ് താക്കറെ സർക്കാരിനെ പുറത്താക്കിയതിനു പിന്നാലെ ബി.ജെ.പിയും ശിവസേനയും ചേർന്ന് മന്ത്രിസഭ രൂപീകരിച്ച് 40 ദിവസത്തിനു ശേഷമാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്. മന്ത്രിസഭ വികസനം സംബന്ധിച്ച വാർത്തകൾ മഹാരാഷ്ട്ര രാജ്ഭവനും സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ ചുമതലയേൽക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
അഞ്ച് ബി.ജെ.പി അംഗങ്ങൾ മന്ത്രിസഭയിലുണ്ടാകും. ഉദ്ധവിനെ പുറത്താക്കാൻ ചരടുവലിച്ച അഞ്ച് ശിവസേന എം.എൽ.എമാർക്കും മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസഭയിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തുന്നത് മഴസൂണിന് ശേഷമായിരിക്കും. മന്ത്രിസഭ വികസനം സംബന്ധിച്ച ചർച്ചകൾക്കായി ഫഡ്നാവിസ് ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു.
എന്നാൽ യോഗത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്തിരുന്നില്ല. വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് കാണിച്ച് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ ഹരജി നൽകിയതിനാലാണ് മന്ത്രിസഭ വികസനം വൈകുന്നതെന്നും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഷിൻഡെയും ഫഡ്നാവിസും നിഷേധിച്ചിരുന്നു. അതേസമയം മന്ത്രിസഭ വികസനം വൈകാനുള്ള കാരണമെന്താണെന്ന് ഇരുവരും വ്യക്തമാക്കിയതുമില്ല.
വർഷകാല സെഷൻ ബുധനാഴ്ച തുടങ്ങും. വർഷകാല സെഷൻ തുടങ്ങുന്നതിനു മുന്നോടിയായി മഹാരാഷ്ട്ര നിയമഭ സെക്രട്ടേറിയറ്റ് നാളത്തെ പൊതുഅവധി റദ്ദാക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതു മുതൽ 18 വരെ ആരും അവധിയെടുക്കരുതെന്നാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.