കോവിഡ് വ്യാപനം; മഹാരാഷ്ട്ര വീണ്ടും ലോക്ഡൗണിലേക്ക്, സൂചന നൽകി മുഖ്യമന്ത്രി
text_fieldsമുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നാൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വിദഗ്ധർ നിർദേശങ്ങൾ അറിയിച്ചു. ലോക്ഡൗൺ ഏർപ്പെടുത്തരുതെന്നാണ് ചിലരുടെ അഭിപ്രായം. ലോക്ഡൗൺ ഒരു സാധ്യതയല്ല. േജാലി നഷ്ടമായവരിലേക്ക് പണം എത്തിക്കണം. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനേക്കാൾ സർക്കാർ ആരോഗ്യ സൗകര്യങ്ങൾ വിപുലീകരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വ്യവസായികൾ പറയുന്നു. ലോക്ഡൗണിനെ എതിർത്ത് തെരുവുകളിൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ദയവായി മറ്റുള്ളവരെ സഹായിക്കാൻ രംഗത്തെത്തൂവെന്നും ഉദ്ദവ് താക്കറെ അഭ്യർഥിച്ചു.
രോഗവ്യാപനം നിയന്ത്രിക്കണമെങ്കിൽ കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തണം. അടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നില തുടരുകയാണെങ്കിൽ സംസ്ഥാനത്തെ ആശുപത്രികളെല്ലാം നിറഞ്ഞുകവിയും. ജനങ്ങളുടെ ജീവിതം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാർടികളോടും അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പുണെയിൽ ഏപ്രിൽ മൂന്നുമുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. 35000ത്തിൽ അധികം കേസുകളാണ് പ്രതിദിനം ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.