തള്ളാനും കൊള്ളാനും കഴിയാതെ മഹായുതിയിലെ സഖ്യകക്ഷികൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യമായ മഹായുതിക്ക് വൻ ഭൂരിപക്ഷം കിട്ടിയിട്ടും സർക്കാർ രൂപവത്കരണം അനിശ്ചിതമായി നീളുന്നു. 288ൽ 230 സീറ്റുകളാണ് സഖ്യം നേടിയത്. ബി.ജെ.പി -132, ഏക്നാഥ് ഷിൻഡെ പക്ഷം -57, അജിത് പവാർ പക്ഷം -41 എന്നിങ്ങനെയാണ് സഖ്യത്തിലെ കക്ഷിനില. മറ്റ് അഞ്ച് എം.എൽ.എമാരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷത്തിന്ന് 13 എം.എൽ.എമാരുടെ കുറവേയുള്ളു. അജിത് പക്ഷമാകട്ടെ തർക്കങ്ങൾക്കില്ല. മുഖ്യമന്ത്രി പദത്തിൽ ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണയും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ പിന്മാറിയെങ്കിലും ആഭ്യന്തരവകുപ്പിനായി ശാഠ്യത്തിലാണ്. ഇതാണ് നിലവിലെ പ്രതിസന്ധി. പാർട്ടികളുടെ നിലപാടുകൾ ഇങ്ങനെ:
ഷിൻഡെയെ പേടിച്ച് ബി.ജെ.പി
ബി.ജെ.പിക്ക് ഷിൻഡെയേ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ്. വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പാണ് മുഖ്യകാരണം. ഷിൻഡെയെ മാറ്റിനിർത്തി ബി.ജെ.പി സർക്കാറുണ്ടാക്കാൻ പ്രയാസമില്ല. അങ്ങനെ ചെയ്താൽ മറാത്തികളും മറാത്തകളും ബി.ജെ.പിക്ക് എതിരാകും. ഉദ്ധവ് താക്കറെയോട് കാണിച്ച ‘ചതി’ ഷിൻഡെയോടും ആവർത്തിച്ചെന്ന് ആരോപണമുണ്ടാകും. ഷിൻഡെയെക്കാൾ ജനങ്ങളെയാണ് പേടി. മഹാരാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്തവണ ബി.ജെ.പിക്കുണ്ടായത്. അതിലേക്ക് നയിച്ചത് ഫഡ്നാവിസാണ്. ആർ.എസ്.എസിനും മുഖ്യപങ്കുണ്ട്. അതിനാൽ മുഖ്യമന്ത്രി ഫഡ്നാവിസാകണമെന്ന് പാർട്ടി കരുതുന്നു. ഷിൻഡെയും അജിത്തും ഉപമുഖ്യമന്ത്രിയാകുമ്പോൾ പുതുമുഖ മുഖ്യമന്ത്രിയെ പരീക്ഷിക്കാൻ പാർട്ടി നേതൃത്വം തയാറാല്ല.
സ്ഥാനമുറപ്പിക്കാൻ ഷിൻഡെ
നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ സൂക്ഷ്മത മുതലെടുത്ത് ഷിൻഡെക്ക് സുരക്ഷിത സീറ്റ് തരപ്പെടുത്തുകയാണ് ഷിൻഡെ പക്ഷത്തിന്റെ തന്ത്രം. മഹായുതി വിടാൻ അവർക്കാകില്ല. ഉദ്ധവ് പക്ഷം സ്വീകരിക്കുകയുമില്ല. ഷിൻഡെ പക്ഷത്തെ ഏറെ പേരും കേസുകൾ അഭിമുഖീകരിക്കുന്നവരുമാണ്. അതേസമയം, ഷിൻഡെ പക്ഷത്തിനകത്ത് മന്ത്രിപദത്തിനായി തർക്കമുണ്ട്. പിളർപ്പിൽ കൂടെ നിന്നവർക്ക് വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം കഴിഞ്ഞ തവണ പലർക്കും നൽകാനായിട്ടില്ല. അവരുടെ സമ്മർദമുണ്ട്.
അയഞ്ഞ് എൻ.സി.പി
ബി.ജെ.പി ഒറ്റക്ക് 132 നേടിയതോടെ അജിത് പവാർ വലിയ അവകാശവാദങ്ങൾക്ക് നിന്നില്ല. ധനകാര്യവും ഉപമുഖ്യമന്ത്രി പദവും ആദ്യമേ ഉറപ്പിച്ചു. ഇനി പാർട്ടിക്കുള്ളിലെ പങ്കുവെപ്പാണ് അജിത്തിന് മുന്നിലെ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.