മഹാരാഷ്ട്രയിൽ സമവായമായില്ല; ഉദ്ധവുമായി സൗഹൃദമത്സരത്തിന് കോൺഗ്രസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി സ്ഥാപകൻ ശരദ് പവാർ ഇടപെട്ടിട്ടും കോൺഗ്രസും ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും തമ്മിലെ തർക്കത്തിൽ അയവില്ല. സാൻഗ്ലി, മുംബൈ സൗത്ത്-സെൻട്രൽ, ഭീവണ്ടി തുടങ്ങിയ സീറ്റുകളിലെ തർക്കമാണ് രൂക്ഷമാകുന്നത്. ഭീവണ്ടി ഒഴികെയുള്ള സീറ്റുകളിൽ ഉദ്ധവ്പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് കാരണം. വിട്ടുവീഴ്ചക്ക് ഉദ്ധവ്പക്ഷവും വിട്ടുകൊടുക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കളും തയാറല്ല. വഴങ്ങിയില്ലെങ്കിൽ ആറു സീറ്റുകളിൽ ‘സൗഹൃദ മത്സരം’ വേണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് കേന്ദ്ര സമിതിയിൽ വിഷയം ചർച്ചയാകുമെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് പറഞ്ഞു. എങ്കിൽ സംസ്ഥാനത്തെ 48 സീറ്റിലും സൗഹൃദമത്സരമാകാമെന്ന് ഉദ്ധവ്പക്ഷ നേതാവ് സഞ്ജയ് റാവുത്ത് പരിഹസിച്ചു. ബി.ജെ.പിയെയാണ് സഹായിക്കുകയെന്നും കോൺഗ്രസിൽനിന്ന് പക്വത പ്രതീക്ഷിക്കുന്നതായും റാവുത്ത് പറഞ്ഞു.
ഇതിനിടയിൽ, ശരദ് പവാർ പക്ഷ എൻ.സി.പി അഞ്ചു സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പിമാരായ സുപ്രിയ സുലെ ബാരാമതിയിലും മറാത്തി നടൻ അമുൽ കോലെ ശിരൂരിലും മത്സരിക്കും. അജിത് പക്ഷത്തുനിന്ന് തിരിച്ചെത്തിയ എം.എൽ.എ നിലേഷ് ലങ്കേ അഹ്മദ്നഗറിൽ പവാർപക്ഷ സ്ഥാനാർഥിയാണ്.
അതേസമയം, ബാരാമതിയിൽ അജിതിന്റെ ഭാര്യ സുനേത്ര പവാറിന്റെ സ്ഥാനാർഥിത്വം ഇതുവരെ അജിത് പക്ഷം പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച രണ്ടു സീറ്റുകളിൽകൂടി അജിത്പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ബാരാമതിയില്ല. രാഷ്ട്രീയ സമാജ് പക്ഷ നേതാവ് മഹാദേവ് ജാൻകർ അജിത് പക്ഷ ടിക്കറ്റിൽ പർഭണിയിൽ മത്സരിക്കും.
പ്രകാശ് അംബേദ്കർ മൂന്നാം മുന്നണിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾക്കെതിരെ മൂന്നാം മുന്നണി നീക്കവുമായി വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംബേദ്കർ. ഒ.ബി.സി, മറാത്ത, ദലിത് സംഘടനകളെയും മറ്റു സാമുദായിക സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് പ്രകാശ് അംബേദ്കർ പറഞ്ഞു. മഹാവികാസ് അഘാഡി (എം.വി.എ)യെ, പ്രത്യേകിച്ച് കോൺഗ്രസിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട്ബാങ്കിൽ വിള്ളൽ വീഴ്ത്തും. ബി.ജെ.പി നയിക്കുന്ന മഹായൂത്തിക്ക് അനുകൂലമാകും. അതേസമയം, മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരൻ സാഹു മഹാരാജ് മത്സരിക്കുന്ന കോൽഹാപുർ അടക്കം ഏഴു സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.