അടിക്ക് പിന്നാലെ ആദ്യമായി ശരദ് പവാറിന്‍റെ വീട്ടിലെത്തി അജിത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി ബി.ജെ.പി സഖ്യസർക്കാറിനൊപ്പം ചേർന്ന നാടകീയ നീക്കത്തിന് പിന്നാലെ ആദ്യമായി അജിത് പവാർ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ വീട്ടിലെത്തി. മുംബൈ സിൽവർ ഓക്കിലെ ശരദ് പവാറിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച അജിത് എത്തിയത്. സന്ദർശനത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമല്ലെങ്കിലും, അസുഖബാധിതയായ ശരദ് പവാറിന്‍റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് ബന്ധുകൂടിയായ അജിത് പവാർ എത്തിയതെന്നാണ് വിവരം.
അസുഖം കൂടിയതിനെ തുടർന്ന് പ്രതിഭ പവാറിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായ ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശരദ് പവാറുമായി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് അജിത് പവാറിന്‍റെ സന്ദർശനം.
ജൂലൈ രണ്ടിനാണ് അജിത് പവാറിന്‍റെ നേതൃത്വത്തിൽ എൻ.സി.പിയിൽ കലാപമുയർന്നത്. പാർട്ടിയെ പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ ശ്രമം നടത്തുന്ന പശ്ചാത്തലത്തിൽ കനത്ത തിരിച്ചടിയായിരുന്നു അജിത് പവാറിന്‍റെ ഈ നീക്കം.
കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനം നടത്തിയപ്പോൾ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമതർ പ്രധാന വകുപ്പുകൾ നേടിയെടുത്തിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിമതപക്ഷത്തിന്റെയും സംസ്ഥാന ബി.ജെ.പിയുടെയും എതിർപ്പുകൾ മറികടന്ന് ധനകാര്യം, ആസൂത്രണം, കൃഷി തുടങ്ങി 11 വകുപ്പുകളാണ് അജിത് പക്ഷം നേടിയെടുത്തത്.
ധനകാര്യ, ആസൂത്രണ വകുപ്പുകൾ അജിത് പവാറിന് നൽകിയത് ഷിൻഡെപക്ഷത്തിനും മറ്റൊരു ഉപമുഖ്യമന്ത്രിയായ ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസിനും തിരിച്ചടിയായി. ഫഡ്നാവിസ് കൈകാര്യംചെയ്തുവന്ന വകുപ്പുകളാണിത്. അമിത് ഷാ ഉൾപെടെയുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ധനകാര്യം അജിതിന് വിട്ടുകൊടുത്തത്.
മുൻ ഉദ്ധവ് താക്കറെ (എം.വി.എ) സർക്കാറിലും ധനകാര്യം അജിതിനായിരുന്നു. അന്ന് അജിത് തങ്ങളുടെ മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചില്ല എന്നതാണ് വിമത നീക്കത്തിനുള്ള കാരണമായി ഷിൻഡെ പക്ഷം ആരോപിച്ചത്. ഷിൻഡെ മന്ത്രിസഭയിലും അജിതിന് ധനകാര്യം ലഭിച്ചതോടെ ഈ ആരോപണമാണ് പൊളിയുന്നത്. സഹകരണ മേഖലയിലെ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ആളാണ് അജിത്. ഇഷ്ട വകുപ്പുകൾ നേടിയെടുത്ത് സർക്കാറിൽ ഷിൻഡെ പക്ഷത്തേക്കാൾ ശക്തർ തങ്ങളാണെന്ന് അജിത് പക്ഷം തെളിയിച്ചതായി നിരീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.