മഹാരാഷ്ട്ര: തർക്കം അവസാനിക്കുന്നില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭരണസഖ്യമായ മഹായൂത്തിയിലും പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡിയിലും (എം.വി.എ) സീറ്റുതർക്കം തുടരുന്നു. നിലവിൽ മഹായൂത്തിയിൽ ബി.ജെ.പി 24 സീറ്റിലേക്കും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന എട്ടു സീറ്റിലേക്കും അജിത് പവാർ പക്ഷ എൻ.സി.പി ഒരു സീറ്റിലേക്കും സ്ഥാനാർഥികളായി. വ്യാഴാഴ്ചയാണ് ഷിൻഡെ പക്ഷം ആദ്യ പട്ടിക പുറത്തുവിട്ടത്.
ഷിൻഡെയുടെ മകൻ സിറ്റിങ് എം.പിയായ കല്യാൺ, നാസിക് മണ്ഡലങ്ങൾ ആദ്യ ലിസ്റ്റിലില്ല. ഈ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി സമ്മർദം ചെലുത്തുന്നു. നാസിക്കിൽ അജിത് പക്ഷ മന്ത്രിയും ഒ.ബി.സി നേതാവുമായ ചഗൻ ഭുജ്ബലിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള ഷിൻഡെയുടെ നീക്കത്തെ ബി.ജെ.പി ഭുജ്ബലിലൂടെയാണ് അട്ടിമറിച്ചതെന്നത് ശ്രദ്ധേയമാണ്. അജിത് പക്ഷം റായ്ഗഢിൽ സുനിൽ തട്കരെയുടെ പേര് മാത്രമാണ് പ്രഖ്യാപിച്ചത്. ബാരാമതിയിൽ അജിതിന്റെ ഭാര്യ സുനേത്രയുടെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അമരാവതിയിൽ സ്വതന്ത്ര സിറ്റിങ് എം.പിയും മുൻ നടിയുമായ നവ്നീത് റാണക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയത് ഷിൻഡെ പക്ഷത്തെ ചൊടിപ്പിച്ചു. നവ്നീതിനെ പിന്തുണക്കില്ലെന്ന് പ്രദേശത്തെ ഷിൻഡെ പക്ഷ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, എം.വി.എയിൽ ഉദ്ധവ്പക്ഷ ശിവസേനയും കോൺഗ്രസും തമ്മിലെ തർക്കം മുറുകി. കോൺഗ്രസുമായി തർക്കത്തിലിരിക്കുന്ന സാൻഗ്ലി, മുംബൈ നോർത്ത് വെസ്റ്റ് അടക്കം 17 സീറ്റുകളിലേക്ക് ഉദ്ധവ്പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തർക്കത്തിന് ആക്കംകൂട്ടി. വ്യാഴാഴ്ച രാത്രിയിലും പവാറും ഉദ്ധവുമടക്കമുള്ള മുതിർന്ന നേതാക്കൾ ചർച്ച നടത്തി. കോൺഗ്രസ് ഇതുവരെ 13 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് പക്ഷം 22, കോൺഗ്രസ് 16, പവാർ പക്ഷ എൻ.സി.പി 10 എന്നിങ്ങനെയാണ് സീറ്റുവിഭജനം. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി കൂടെ ചേർന്നാൽ ഉദ്ധവ് പക്ഷം അവരുടെ പങ്കിൽനിന്ന് സീറ്റ് നൽകണം. പ്രകാശ് നിലവിൽ എട്ടു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.