മഹാരാഷ്ട്രയിലേത് ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഫലം, ഇ.വി.എമ്മിനെതിരെ ബഹുജന മുന്നേറ്റം വേണം -നാനാ പടോലെ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ആർക്കും അംഗീകരിക്കാനാവാത്തതാണെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) സംബന്ധിച്ച പ്രശ്നങ്ങൾ ആരും ഗൗരവമായെടുക്കുന്നില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. 'ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പോലും ഇത് ഉൾക്കൊള്ളാനാവുന്നില്ല' -അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ സമൂഹമാധ്യമ പ്രതികരണങ്ങൾ നോക്കൂ. ഞങ്ങളുടെ വോട്ടുകൊണ്ടല്ല സർക്കാർ നിലവിൽ വരുന്നത് എന്നാണ് ജനം പറയുന്നത്. വോട്ടുകളുടെ കണക്കിലെ അന്തരം സംബന്ധിച്ച് ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. ഒരു ജനകീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ മുന്നിലുള്ള വഴി -പട്ടോലെ പറഞ്ഞു.
ഞങ്ങൾ സുപ്രീംകോടതിയിൽ പോയി. എന്നാൽ, ആരോപണം തെളിയിച്ചിട്ട് വരാനാണ് സുപ്രീംകോടതി പറഞ്ഞത്. ജനങ്ങൾ പറയുന്നത്, അവർ ചെയ്തത് ഒരാൾക്ക് കിട്ടിയത് മറ്റൊരാൾക്ക് എന്നാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നാനാ പടോലെ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനം ഇവർ ചർച്ചചെയ്തു. നന്ദേട് എം.പി രവീന്ദ്ര ചവാനും ഒപ്പമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പും നടന്ന മണ്ഡലമാണ് നന്ദേഡ്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ, ലോക്സഭ മണ്ഡലത്തിലെ ആറ് നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് അപ്രതീക്ഷിത തോൽവി നേരിടുകയാണുണ്ടായത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ 33,912 വോട്ടുകൾ കൂടുതലായി എണ്ണിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. 'ദി വയർ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിൽ 95 മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക് പ്രകാരം 66.05 ശതമാനമാണ് അന്തിമ പോളിങ് നിരക്ക്. 6,40,88,195 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 3,06,49,318 സ്ത്രീകളും 3,34,37,057 പുരുഷന്മാരും 1820 ഭിന്നലിംഗക്കാരുമാണ്. എന്നാൽ, എണ്ണിയ വോട്ടുകളുടെ അന്തിമ കണക്ക് 6,45,92,508 ആണെന്ന് 'ദി വയറി'ന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ട് കൂടുതലാണ്. തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചത് 5,38,225 വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണെന്നും നേരത്തെ പുറത്തുവിട്ട കണക്കിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്നുമാണ്. ഇത് കൂടി കൂട്ടിയാലും ആകെ വോട്ടുകൾ 6,46,26,420 മാത്രമാണ് എത്തുക. ഇപ്പോഴും, പോൾ ചെയ്ത വോട്ടുകളേക്കാൾ 33,912 കൂടുതലാണ് എണ്ണിയ ആകെ വോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.