മുൻ മന്ത്രി അനിൽ ദേശ്മുഖിനെ നവംബർ12 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ നവംബർ 12 വരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ വിട്ട് ബോംബെ ഹൈകോടതി ഉത്തരവിറക്കി. ദേശ്മുഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക കോടതി ഉത്തരവ് മരവിപ്പിച്ചുകൊണ്ടാണ് ബോംബെ ഹൈകോടതി ഞായറാഴ്ച പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.
ദേശ്മുഖിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ആറാം തീയതിയിലെ പ്രത്യേക കോടതി ഉത്തരവ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ അവധിക്കാല ബെഞ്ച് അദ്ദേഹത്തെ നവംബർ 12 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ദേശ്മുഖിനെ ചോദ്യം ചെയ്യാൻ അഞ്ച് ദിവസമേ കിട്ടിയുള്ളൂയെന്നും അതിൽ രണ്ടുദിവസം ദീപാവലി അവധി ആയിരുന്നെന്നും ഇ.ഡി വാദിച്ചു. 100 കോടിയുടെ അഴിമതി ആരോപണം ഉള്ള കേസ് ആയതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ചൂണ്ടിക്കാട്ടി.
അതേസമയം, അനിൽ ദേശ്മുഖിന്റെ അഭിഭാഷകരായ വിക്രം ചൗധരി, അങ്കിത് നിഗം എന്നിവർ ഇ.ഡിയുടെ ഹരജിയുടെ സാധുതയെ തങ്ങൾ എതിർക്കുേമ്പാഴും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകാൻ അദ്ദേഹം സമ്മതവും സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്ന കാര്യം എടുത്തുകാട്ടി. ഒമ്പത് ദിവസത്തേക്ക് ദേശ്മുഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, നാല് ദിവസത്തേക്ക് മാത്രമേ അനുവദിക്കാവൂയെന്ന് വിക്രം ചൗധരി വാദിച്ചു. അതോടെയാണ് ഈമാസം 12 വരെ ഹൈകോടതി ദേശ്മുഖിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നവംബർ ഒന്നിന് അനിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബർ രണ്ടിന് പ്രത്യേക കോടതിയിൽ ഹാജരാക്കിയ ദേശ്മുഖിനെ ആറു വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് ശനിയാഴ്ച പ്രത്യേക കോടതിയിൽ വീണ്ടും ഹാജരാക്കിയപ്പോൾ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ ഹരജി തള്ളുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
അഴിമതി നടത്തിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഏപ്രിൽ 21ന് സി.ബി.ഐ അനിൽ ദേശ്മുഖിനെതിരെ എഫ്.ഐ.ആർ ചുമത്തിയതിനു പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയായിരിക്കേ ദേശ്മുഖ് ബാർ ഉടമകളിൽ നിന്ന് വാങ്ങിയ കൈക്കൂലി കടലാസുകമ്പനികൾ വഴി വെളുപ്പിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.