പ്രധാനമന്ത്രി നൽകിയ 15 ലക്ഷമെന്ന് കരുതി വീട് പണിത കർഷകൻ വെട്ടിലായി
text_fieldsമുംബൈ: അപ്രതീക്ഷിതമായി ജൻ ധൻ ബാങ്ക് അക്കൗണ്ടിൽ വന്ന പണം പ്രധാനമന്ത്രി നൽകിയതാണെന്ന് കരുതി വീട് പണിയാൻ ഉപയോഗിച്ച കർഷകൻ വെട്ടിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്ള പൈത്തൻ താലൂക്കിലെ കർഷകൻ ജ്ഞാനേശ്വർ ഓടെയാണ് വീട് നിർമിച്ച് കുരുക്കിലായത്.
കഴിഞ്ഞ ആഗസ്റ്റിലാണ് ജ്ഞാനേശ്വറിന്റെ ജൻ ധൻ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചുവെന്ന് കരുതിയ ഓട്ടെ നന്ദി അറിയിച്ച് മോദിക്ക് കത്തെഴുതുകയും ചെയ്തു.
ഒമ്പതു ലക്ഷം രൂപ പിൻവലിച്ച് വീട് നിർമിച്ചു കഴിഞ്ഞപ്പോഴാണ് പണം വരവിന്റെ യഥാർഥ കഥ വെളിപ്പെടുന്നത്. പിമ്പൽവാടി ഗ്രാമപഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾക്കുള്ള പണം ബാങ്ക് ഓഫ് ബറോഡ അബദ്ധത്തിൽ ജ്ഞാനേശ്വറിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ആറുമാസങ്ങൾക്കു ശേഷമാണ് ബാങ്ക് അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ജ്ഞാനേശ്വറിന് നോട്ടീസ് അയച്ചു.
നോട്ടീസ് കൈപ്പറ്റുമ്പോഴേക്കും ജ്ഞാനേശ്വർ ഒമ്പത് ലക്ഷം വീടിനായി ചിലവാക്കി കഴിഞ്ഞിരുന്നു. ബാക്കി ആറുലക്ഷം രൂപ തിരിച്ചടച്ച ജ്ഞാനേശ്വർ ശേഷിച്ച തുക അടയ്ക്കാൻ ഇപ്പോൾ നെട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.