മോദിയുടെ 'ചായ് പെ' ചർച്ചയിൽ പങ്കെടുത്ത കർഷകൻ കടക്കെണി മൂലം ആത്മഹത്യ ചെയ്തു
text_fieldsഭോപ്പാൽ: 2014 തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മോദിയുടെ 'ചായ് പെ' ചർച്ചയിൽ പങ്കെടുത്ത കർഷകൻ കടക്കെണി മൂലം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ദഭാഡി സ്വദേശി കൈലേഷ് കിസാൻ മങ്കറാണ് (28) കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
2014ൽ കൈലേഷിന്‍റെ നാട്ടിലെത്തി കർഷകരോട് സംവദിച്ച മോദി പലിശക്കാരിൽ നിന്നും കർഷകരെ രക്ഷിക്കാനായി കിസാൻ മിത്ര പദ്ധതി രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മികച്ച വിത്തുകളും വളങ്ങളും വായ്പയും വിള ഇൻഷൂറൻസും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള മികച്ച കാർഷിക പോളിസി നടപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.
2012ൽ പിതാവിന്‍റെ മരണശേഷം കുടുംബത്തിന്‍റെ ഏകആശ്രയമായിരുന്നു കൈലേഷ്. മൂന്ന് ഏക്കർ കൃഷിയിടത്തിൽ പരുത്തിക്കൃഷി ചെയ്തിരുന്ന കൈലേഷ് വിളനാശം മൂലം ഏറെ വിഷമത്തിലായിരുന്നു. സഹകരണ ബാങ്കിൽ നിന്നും 30,000വും സ്വകാര്യ വ്യക്തിയിൽ നിന്ന് ഒരു ലക്ഷവും കടമെടുത്തിരുന്നു. ഇതിന്‍റെയെല്ലാം തിരിച്ചടവ് മുടങ്ങിയതാണ് കൈലേഷ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സൂചന. അടുത്തുതന്നെ നടക്കാനിരുന്ന സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കാൻ കഴിയാത്തതും ഇയാളെ വിഷമത്തിലാഴ്ത്തിയിരുന്നു.
കടക്കെണി മൂലമല്ല, അയൽക്കാരനുമായുണ്ടായ ചില പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. എന്നാൽ, ഭരണകൂടത്തിന്‍റെ ഈ വാദങ്ങളെല്ലാം സഹോദരനൻ തള്ളിക്കളഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് തന്‍റെ സഹോദരനെ അലട്ടിയിരുന്നതെന്ന് അദ്ദേഹം മാധ്യമപ്രവരർത്തകരോട് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ചായ് പെ ചർച്ചയിൽ പങ്കെടുത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കർഷകനാണ് കൈലേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.