മഹാരാഷ്ട്ര: കഴിഞ്ഞ് പോയത് നാടകീയത നിറഞ്ഞ അഞ്ച് വർഷം
text_fieldsമുംബൈ: മുമ്പെങ്ങും കാണാത്ത രാഷ്ട്രീയ നീക്കങ്ങളും നാടകങ്ങളും അരങ്ങേറിയ വർഷങ്ങളാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞുപോയത്. മുന്നണി മാറ്റങ്ങൾ, പാർട്ടിപിളർപ്പുകൾ, കാലുമാറ്റങ്ങൾ, ഭരണ അട്ടിമറി നിറഞ്ഞ അഞ്ചു വർഷം. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം തുടരാനുള്ള ഭൂരിപക്ഷം ബി.ജെ.പി-ശിവസേന സഖ്യത്തിനായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന വാക്ക് ബി.ജെ.പി പാലിക്കുന്നില്ലെന്ന് പറഞ്ഞ് ശിവസേന വഴിമാറി. കോൺഗ്രസും എൻ.സി.പിയും ശവിസേനയും തമ്മിൽ അസാധാരണ സഖ്യം (എം.വി.എ) പിറന്നു.
ശിവസേന അധ്യക്ഷൻ ഉദ്ധവ് തക്കറെയെ മുഖ്യമന്ത്രിയാക്കാൻ എം.വി.എ തീരുമാനിച്ചെങ്കിലും ഇരുട്ടിവെളുക്കും മുമ്പെ എൻ.സി.പി നേതാവ് അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാല് ദിവസമേ ആ സർക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളു. കൂടെവന്ന എം.എൽ.എമാർ തിരിച്ചുപോയതോടെ അജിത് പിൻവാങ്ങുകയും ബി.ജെ.പി സർക്കാർ വീഴുകയും ചെയ്തു. ഉദ്ധവ് മുഖ്യനായി എം.വി.എ സർക്കാർ നിലവിൽ വന്നു. ആ സർക്കാറിന് രണ്ടര വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഏക്നഥ് ഷിൻഡെയിലൂടെ ശിവസേനയെ പിളർത്തി. വിശ്വാസ വോട്ടിനു മുമ്പേ ഉദ്ധവ് സർക്കാർ രാജിവെച്ചു. ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയാണ് ബി.ജെ.പിയുടെ ഈ നീക്കം.
പിന്നീട് എൻ.സി.പിയെ പിളർത്തി അജിത് പവാർ ബി.ജെ.പി പാളയത്തേക്ക് പോകുന്നതാണ് കണ്ടത്. അദ്ദേഹം ഉപമുഖ്യമന്ത്രിയായി. പാർട്ടികൾ പിളർത്തി പോയവർക്ക് പാർട്ടിയുടെ അവകാശങ്ങളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമീഷനും നിയമസഭ സ്പീക്കറും അനുവദിച്ചുകൊടുക്കുന്ന അസാധാരണ കാഴ്ചയാണ് പിന്നീട് കണ്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിന് എതിരായ അപ്പീൽ സുപ്രീം കോടതിയിലാണ്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കൈവരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവികാരം ശിവസേന, കോൺഗ്രസ്, എൻ.സി.പി സഖ്യത്തിനൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.