മഹാരാഷ്ട്ര: നാലുവർഷം; നാല് സത്യപ്രതിജ്ഞകൾ
text_fieldsമുംബൈ: 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്ര രാജ്ഭവനിൽ നടക്കുന്നത് നാലാമത്തെ സത്യപ്രതിജ്ഞാച്ചടങ്ങ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും എൻ.സിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായും 2019 നവംബറിൽ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ അതിരാവിലെ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
എന്നാൽ, കേവലം 80 മണിക്കൂർ മാത്രമാണ് സർക്കാറിന് ആയുസ്സുണ്ടായിരുന്നത്. പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ അജിത് പവാറിന് സാധിക്കാതിരുന്നതോടെ അന്നത്തെ നാടകീയനീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു.ഒരുമാസത്തിനുള്ളിൽ കോൺഗ്രസ്, എൻ.സി.പി എന്നിവയുമായി ചേർന്ന് മഹാവികാസ് അഗാഡി സർക്കാറിന് രൂപംനൽകി ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയിൽ തിരിച്ചെത്തിയ അജിത് പവാർ ഇത്തവണയും ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.
എന്നാൽ, ഉദ്ദവ് താക്കറെയുമായി തെറ്റിയ ശിവസേനാമന്ത്രി ഏക്നാഥ് ഷിൻഡെയേയും 39 എം.എൽ.എമാരും പുറത്തുപോയതോടെ കഴിഞ്ഞ വർഷം ജൂണിൽ മഹാവികാസ് അഗാഡി സർക്കാർ നിലംപതിച്ചു. ബി.ജെ.പി പിന്തുണയോടെ ജൂൺ 30ന് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി. ആദ്യ മൂന്ന് സത്യപ്രതിജ്ഞകളുടെ സമയത്ത് ഭഗത് സിങ് കോഷിയാരി ആയിരുന്നു ഗവർണർ. ശനിയാഴ്ചത്തെ സത്യപ്രതിജ്ഞ ഗവർണർ രമേഷ് ബൈസിന്റെ കാർമികത്വത്തിലാണ് നടന്നത്.
എന്നും ഉപമുഖ്യമന്ത്രി
മുംബൈ: നാല് വർഷത്തിനിടെ മൂന്ന് സർക്കാറുകളിൽ മൂന്നാം തവണയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവ് അജിത് പവാർ രാഷ്ട്രീയനാടകങ്ങൾക്കൊടുവിലാണ് വീണ്ടും അധികാരത്തിലെത്തുന്നത്. 2019ൽ ബി.ജെപിയുമായി ചേർന്ന് കേവലം മൂന്ന് ദിവസം മാത്രം ഉപമുഖ്യമന്ത്രി പദത്തിലിരുന്ന ഇദ്ദേഹം അതേവർഷം നവംബറിൽ മഹാവികാസ് അഗാഡി സർക്കാറിലും ഉപമുഖ്യമന്ത്രിയായി. കഴിഞ്ഞ വർഷം ജൂണിൽ ഈ സഖ്യം തകർന്നതോടെ അടുത്ത രാഷ്ട്രീയ നീക്കം എന്തെന്നകാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് ഞായറാഴ്ച വീണ്ടും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
എൻ.സി.പി തലവൻ ശരദ് പവാറിന്റെ മൂത്തസഹോദരൻ പരേതനായ അനന്ത് പവാറിന്റെ മകനാണ് അജിത് പവാർ. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും പകരം പാർട്ടിയിൽ ചുമതല നൽകണമെന്നും അടുത്തകാലത്ത് ഇദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അടിത്തട്ടിൽ വേരുകളുള്ള രാഷ്ട്രീയക്കാരനായ ഇദ്ദേഹത്തിന് മികച്ച ഭരണാധികാരിയെന്ന പ്രതിച്ഛായയുമുണ്ട്.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1.65 ലക്ഷം വോട്ടിനാണ് അജിത് പവാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അശോക് ചവാന്റെയും പ്രിഥ്വിരാജ് ചവാന്റെയും കീഴിൽ 15 വർഷത്തെ കോൺഗ്രസ്-എൻ.സിപി സർക്കാറിലും അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.