23,000 കോടിയുടെ ധാരാവി നവീകരണം അദാനി ഗ്രൂപ്പിന്; അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന്. അദാനി പ്രൊപ്പർട്ടീസ് സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അനുമതി നൽകി.
ധാരാവി നവീകരണത്തിനായുള്ള ടെണ്ടർ എട്ട് മാസം മുമ്പ് അദാനി നേടിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് ധാരാവിയുടെ വികസനത്തിനായി സർക്കാർ ടെണ്ടർ ക്ഷണിച്ചത്. 5069 കോടിക്കാണ് അദാനി പദ്ധതി സ്വന്തമാക്കിയത്. ശ്രീ നമാൻ ഡെവലപേഴ്സ്, ഡി.എൽ.എഫ് എന്നീ കമ്പനികളും പദ്ധതിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും അദാനിയാണ് കൂടുതൽ തുക മുടക്കാൻ തയാറായത്.
23,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. വികസനത്തിനായി പ്രത്യേക സ്ഥാപനം രൂപീകരിക്കും. കഴിഞ്ഞ 15 വർഷത്തിനിടെ നാല് തവണയെങ്കിലും ധാരാവിയുടെ വികസനത്തിനായി ലേലത്തിനുള്ള ടെൻഡർ വിളിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.
2.8 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നുണ്ട്. പദ്ധതിയിലൂടെ, നഗരത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുന:സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി, ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.