ആളുകൾ തമ്മിൽ മിണ്ടിപ്പറയാൻ മൊബൈലും ടി.വിയും ഓഫാക്കി വെച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം
text_fieldsആധുനിക കാലത്ത് നമ്മളെ അടിമകളാക്കിയ രണ്ട് ശീലങ്ങളിൽ നിന്ന് (അതായത് ടെലിവിഷൻ, മൊബൈൽ ഇന്റർനെറ്റ്)സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. എല്ലാ ദിവസവും കുറച്ചു മണിക്കൂറുകൾ ടി.വിയും മൊബൈലും ഓഫാക്കാക്കി വെക്കണമെന്നാണ് ഇവിടത്തെ അലിഖിത നിയമം. വഡ്ഗാവോൺ ഗ്രാമത്തിലെ സങ്ക്‍ളി ജില്ലയിൽ എല്ലാ ദിവസവും വൈകീട്ട് ഏഴിന് ടി.വിയും മൊബൈലും ഓഫാക്കുന്നതിനായി സൈറൺ മുഴങ്ങും. 8.30 വരെ വിലക്ക് തുടരും. 8.30ന് വീണ്ടും സൈറൺ മുഴങ്ങുന്നതോടെ ജനങ്ങൾക്ക് ടി.വിയും മൊബൈലും ഓണാക്കാം.
ആഗസ്റ്റ് 14ന് ഗ്രാമീണ യോഗത്തിൽ വെച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വില്ലേജ് കൗൺസിൽ നേതാവ് വിജയ് മോഹിത് പറഞ്ഞു. പിറ്റേന്നു മുതൽ തീരുമാനം പ്രാബല്യത്തിലായി. ടി.വിയും മൊബൈലും ഓഫാക്കി ആളുകൾ പദ്ധതിയോട് സഹകരിച്ചു. വഡ്ഗാവോണിൽ 3000 ഗ്രാമീണരാണുള്ളത്. അതിൽ കൂടുതലും കർഷകരും പഞ്ചസാര മിൽ തൊഴിലാളികളുമാണ്.
കോവിഡ് തുടങ്ങിയതോടെ പഠനം ഓൺലൈൻ വഴി ആക്കിയതോടെയാണ് കുട്ടികൾ ടെലിവിഷനു മുന്നിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത്. ഈ വർഷം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതോടെ വിദ്യാർഥികളുടെ അധ്യയനം പതിവുപോലെയായി. ക്ലാസ് കഴിഞ്ഞ് മടങ്ങിയാൽ കൂടുതൽ പേരും മൊബൈലിൽ കളിക്കുകയോ ടെലിവിഷൻ കാണുകയോ ആണ് ചെയ്യാറുള്ളത്. മുതിർന്നവരും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഈ രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ്. മൊബൈലിലും ഫോണിലും കളിക്കുന്ന കുട്ടികളെ മാനേജ് ചെയ്യാൻ രക്ഷിതാക്കൾ നന്നായി ബുദ്ധിമുട്ടി. പുതിയ നിയമം വന്നതോടെ കാര്യങ്ങൾക്ക് മാറ്റവും വന്നു.
മൊബൈലിനും ടി.വിക്കും അടിമപ്പെട്ടവരെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് കൊണ്ടുവരാൻ ഗ്രാമീണ കൗൺസിലിന് അൽപം വിയർക്കേണ്ടി വന്നു. അമ്പലത്തിലാണ് സൈറൺ വെച്ചിരുന്നത്. ആദ്യമാദ്യം സൈറൺ മുഴങ്ങുമ്പോൾ മൊബൈലും ടി.വിയും ഓഫ് ചെയ്യണമെന്ന് പറഞ്ഞ് ഗ്രാമീണ കൗൺസിലിലെ ആളുകൾക്ക് വീടുകൾ തോറും മുന്നിട്ടിറങ്ങേണ്ടി വന്നു. പതിയെ പതിയെ ആളുകൾ നിയമത്തിന്റെ വഴിക്കു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.