മഹാരാഷ്ട്ര സർക്കാർ തുലാസിൽ, ഏക് നാഥ് ഷിൻഡെക്കു പിന്നിൽ ബി.ജെ.പിയുടെ ഓപറേഷൻ താമരയെന്ന്
text_fieldsമുംബൈ: വിമത സ്വരമുയർത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ 20ലേറെ എം.എൽ.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാർ പ്രതിസന്ധിയിൽ. ഹിന്ദുത്വയുടെ പേരിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം ഉപേക്ഷിച്ച് ശിവസേന ബി.ജെ.പിക്കൊപ്പം സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിൻഡെ 20ലേറെ എംഎൽഎമാരുമായി സൂറത്തിലെ ലേ മെരിഡിയൻ ഹോട്ടലിലേക്കാണ് മാറിയത്.
ബാൽതാക്കറെയോട് കൂറുള്ള ശിവസൈനികനായ താൻ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിൻഡെ പറയുന്നു. എന്നാൽ, ശിവസേനയെ പിളർപ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.
അതിനിടെ, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കൾ വിമത നേതാവ് എക് നാഥ് ഷിൻഡെയെ കണ്ട് രണ്ടു മണിക്കൂർ ചർച്ച നടത്തി. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഏക് നാഥ് ഷിൻഡെ പാർട്ടി എം.എൽ.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.
തെരഞ്ഞെടുപ്പിൽ ഭരണപക്ഷ എം.എൽ.എമാർ കൂറുമാറി വോട്ടു ചെയ്തതിനാൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു. ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ ചെന്ന് ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ കണ്ടു. ഡൽഹിയിലായിരുന്ന എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുംബൈയിലെത്തിയിട്ടുണ്ട്.
ശിവസേനയുടെ 55 എം.എൽ.എമാരിൽ 35 പേരും തനിക്കൊപ്പം ഉണ്ടെന്നാണ് ഏക് നാഥ് ഷിൻഡെയുടെ അവകാശവാദം. 33 പേർ മുംബൈയിൽ ഉണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്തും അവകാശപ്പെടുന്നു. ഒമ്പത് എം.എൽ.എമാരെ കാണാനില്ലെന്ന് അവരുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എം.എൽ.എമാരെ അത്താഴവിരുന്ന് ക്ഷണിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും പലർക്കും സൂറത്തിലെ ഹോട്ടലിൽ മർദനമേറ്റതായും സഞ്ജയ് റാവുത്ത് ആരോപിച്ചു.
ഏക് നാഥ് ഷിൻഡെക്കു പിന്നിൽ ബി.ജെ.പിയുടെ ഓപറേഷൻ താമരയാണെന്നാണ് ആരോപണം. 37 പേരുടെ അംഗബലം ഉണ്ടെങ്കിലേ ഏക് നാഥ് ഷിൻഡെക്ക് ശിവസേനയെ പിളർത്തി ബി.ജെ.പിക്ക് പിന്തുണ നൽകാൻ കഴിയൂ. നിലവിൽ ശിവസേന സഖ്യം സർക്കാറിന് 169 പേരുടെ പിന്തുണയാണ് ഉള്ളത്.
145 ആണ് കേവല ഭൂരിപക്ഷം. എട്ട് സ്വതന്ത്രരുടെ പിന്തുണ ഉൾപ്പെടെ 114 പേരുടെ അംഗബലമാണ് ബി.ജെ.പിക്ക് ഉള്ളത്. മജ്‌ലിസും സി.പി.എമ്മും ഉൾപ്പെടെ നാലുപേർ ആരെയും പിന്തുണച്ചിട്ടില്ല. ശിവസേനയെ പിളർത്താൻ ഷിൻഡെക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ചരടുവലി നടത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.