മദ്റസ അധ്യാപകരുടെ ശമ്പളം കുത്തനെ കൂട്ടി മഹാരാഷ്ട്ര ബി.ജെ.പി സർക്കാർ; ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ്
text_fieldsമുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങളെയും പിന്നാക്ക സമുദായങ്ങളെയും ആകർഷിക്കാൻ പദ്ധതികളുമായി ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ. മദ്റസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിൽ മദ്റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് വിഷലിപ്ത പ്രചരണങ്ങൾ അഴിച്ചുവിടുന്ന ബി.ജെ.പിയാണ് തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് ശമ്പളം വർധിപ്പിക്കാൻ തീരുമാനമെടുത്തത്.
ഡി.എഡ് യോഗ്യതയുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയായാണ് വർധിപ്പിക്കുക. ബി.എഡ് ബിരുദമുള്ള സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിപ്പിക്കും. സാകിർ ഹുസൈൻ മദ്റസ നവീകരണ പദ്ധതി പ്രകാരം മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകാൻ മദ്റസകൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. സയൻസ്, ഗണിതം, സോഷ്യോളജി എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു എന്നീ ഭാഷകളുമാണ് ഇതിന്റെ ഭാഗമായി മദ്റസകളിൽ പഠിപ്പിക്കുന്നത്. ഇതിനായി നിയമിച്ച അധ്യാപകർക്കാണ് ശമ്പളം വർധിപ്പിച്ചത്.
മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന മൂലധനം 600 കോടിയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്താനുള്ള നിർദേശവും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അവതരിപ്പിച്ചു. ഈ തുക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി വായ്പ നൽകാൻ ഉപയോഗിക്കും.
ഇതുകൂടാതെ, വിവിധ സമുദായങ്ങൾക്കായി ക്ഷേമ സഹകരണ ബോർഡുകൾ രൂപീകരിക്കാനുള്ള നിർദ്ദേശവും ഷിൻഡെ മന്ത്രിസഭ പാസാക്കി. ആദിവാസി ക്ഷേമ ബോർഡുകൾക്കുള്ള നിക്ഷേപ മൂലധനം സർക്കാർ വർധിപ്പിച്ചു. ഷിമ്പി, ഗവാലി, ലാഡ് ഷാകിയ-വാനി, ലോഹർ, നാം പന്ത് സമുദായങ്ങൾക്കാണ് സഹകരണ ബോർഡുകൾ രൂപീകരിക്കുക. വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓരോ സഹകരണ ബോർഡിനും 50 കോടി രൂപ നിക്ഷേപ മൂലധനമായി നൽകും.
ഒബിസി സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ ‘നോൺ ക്രീമി ലെയർ’ വരുമാന പരിധി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിവർഷം 8 ലക്ഷം രൂപ വരുമാന പരിധി എന്നത് 15 ലക്ഷം രൂപയായി ഉയർത്താനാണ് ആവശ്യപ്പെടുക.
മഹാരാഷ്ട്ര സംസ്ഥാന പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നൽകുന്നതിനുള്ള കരട് ഓർഡിനൻസും മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഓർഡിനൻസ് അവതരിപ്പിക്കും. കമ്മീഷനായി 27 തസ്തികകൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.