'എഴുത്തും വായനയുമായി ശിഷ്ടകാലം കഴിയാൻ ആഗ്രഹം'; രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി. എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഒഴിവാക്കി എഴുത്തും വായനയുമായി ശിഷ്ടകാലം കഴിയാനാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് രാജ്ഭവൻ പിന്നീട് പ്രസ്താവനയിറക്കി.
'പോരാളികളുടെയും സന്യാസിമാരുടെയും നവോത്ഥാന നായകരുടെയും നാടായ, മഹാരാഷ്ട്ര സംസ്ഥാനത്തിന്‍റെ ഗവർണറായി പ്രവർത്തിക്കാനായത് വലിയ ബഹുമതിയായി കാണുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും ഒരിക്കലും മറക്കാനാകില്ല. എല്ലാ രാഷ്ട്രീയ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറി ശിഷ്ടകാലം എഴുത്തും വായനയും മറ്റു കാര്യങ്ങളുമായി കഴിയാനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അവസാന കൂടിക്കാഴ്ചയിൽ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയിൽ നിന്നും എല്ലാ കാര്യത്തിലും ലഭിച്ചിട്ടുള്ള പിന്തുണയും സ്നേഹവായ്പും ഇക്കാര്യത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ' -ഗവർണറുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഗവർണർ പദവി തനിക്ക് അസ്വസ്ഥതകൾ മാത്രമാണ് നൽകിയതെന്ന് ആഴ്ചകൾക്ക് മുമ്പ് ഭഗത് സിങ് കോശ്യാരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനമൊഴിയാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയിൽ എം.വി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ സർക്കാറുമായി നിരന്തര ഏറ്റുമുട്ടലിലൂടെ വിവാദകേന്ദ്രമായിരുന്നു ഗവർണർ. അഭിപ്രായ ഭിന്നതയെ തുടർന്ന് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. പിന്നീട്, സഖ്യ സർക്കാറിനെ ബി.ജെ.പി നേതൃത്വത്തിൽ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തിയപ്പോൾ ഗവർണറും നിർണായക പങ്കുവഹിച്ചെന്ന് ഉദ്ധവ് താക്കറെ ഉൾപ്പെടെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.